കണ്ണൂർ: ബസിൽ ടിക്കറ്റെടുക്കാൻ ‘ഗൂഗിൾ പേ’ സൗകര്യം ലഭ്യമല്ലെന്ന് അറിയിച്ചതിന് കണ്ടക്ടറുടെ മൂക്കടിച്ച് തകർത്തു. സംഭവത്തിൽ പാനൂർ സ്വദേശിയായ യുവാവിനെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. മർദ്ദനത്തിൽ മൂക്കിന് ഗുരുതരമായി പരിക്കേറ്റ കണ്ടക്ടർ രാഘവനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂത്തുപറമ്പ്-പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘സൺസ്റ്റാർ’ എന്ന ബസിലാണ് സംഭവം നടന്നത്. കൂത്തുപറമ്പിൽ നിന്നും പാനൂരിലേക്ക് പോകുന്നതിനിടെ ടിക്കറ്റ് തുക ഡിജിറ്റലായി നൽകുന്നതിനെച്ചൊല്ലി യാത്രക്കാരനും കണ്ടക്ടറും തമ്മിൽ തർക്കമുണ്ടായത്. ബസിൽ ഗൂഗിൾ പേ സൗകര്യമില്ലെന്ന് വ്യക്തമാക്കിയതോടെ അക്രമാസക്തനായ യുവാവ് കണ്ടക്ടറുടെ മുഖത്ത് ശക്തമായി ഇടിക്കുകയായിരുന്നു.
ആക്രമണം തടയാനെത്തിയ ബസ് ഡ്രൈവർക്കും മറ്റ് യാത്രക്കാർക്കും നേരെയും പ്രതി അക്രമം അഴിച്ചുവിട്ടു. സംഭവത്തിൽ കൂത്തുപറമ്പ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

