തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡുകൾ സിപിഎമ്മിനെ കടന്നാക്രമിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അടിസ്ഥാനമില്ലാത്ത വിഷയങ്ങളിൽ പുകമറ സൃഷ്ടിച്ച് ജനങ്ങൾക്കിടയിൽ പാർട്ടി വിരുദ്ധ മനസ്സ് രൂപപ്പെടുത്താനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്നും ഇത്തരം നീക്കങ്ങളെ പാർട്ടി ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
യാതൊരു വസ്തുതയുമില്ലാത്ത കാര്യങ്ങളിൽ അന്വേഷണം നടത്തി, അതിൽ കഴമ്പുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ഇഡി ശ്രമിക്കുന്നത്. നിലവിലെ അന്വേഷണം മുഹമ്മദ് റിയാസിലേക്ക് ബോധപൂർവ്വം എത്തിക്കാനാണ് ഏജൻസിയുടെ ശ്രമമെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇഡി വിവിധ കേന്ദ്രങ്ങളിൽ പരിശോധനകൾ നടത്തിയിരുന്നു.
രാഷ്ട്രീയ പ്രേരിതമായ ഇത്തരം നീക്കങ്ങൾ വരുമ്പോൾ അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും പാർട്ടി സെക്രട്ടറി വ്യക്തമാക്കി.

