കണ്ണൂർ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ‘ഓപ്പറേഷൻ തണ്ടർ’ പദ്ധതിയുടെയും ഭാഗമായി കണ്ണൂർ ടൗണിൽ എക്സൈസ് സംഘം നടത്തിയ തിരച്ചിലിൽ 12 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിലായി.
കണ്ണൂർ ടൗൺ ഭാഗത്തെ ‘ഹെവൻ ഇൻ’ ലോഡ്ജിൽ നിന്നാണ് ഇതരസംസ്ഥാനക്കാരായ പ്രതികളെ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
സർവേശ് കുമാർ (36) ഉത്തർപ്രദേശ് സ്വദേശി, രാജ് കുമാർ തിവാരി (38) ബീഹാർ സ്വദേശി, സുശീൽ കുമാർ ഗിരി (36) ഉത്തർപ്രദേശ് സ്വദേശി എന്നിവരാണ് അറസ്റ്റിലായത്
എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി. വി., സുഹൈൽ പി. പി. എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന.
കണ്ണൂർ ജില്ലയിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലും ഇവർക്കെതിരെ സമാന രീതിയിലുള്ള നിരവധി കേസുകൾ നിലവിലുണ്ട്.
കേരള എ.ടി.എസ് (ATS), എക്സൈസ് സൈബർ സെൽ എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് പ്രതികളുടെ വിവരങ്ങൾ ശേഖരിച്ചത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി കെ.യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്., അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) അബ്ദുൾ നാസർ ആർ. പി., അജിത്ത് സി., പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സുഹൈൽ പി. പി., സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി. വി., സുജേഷ് എം. വി., സുബിൻ എം., ജിജീഷ് സി., സുഹീഷ് കെ. എന്നിവരും പങ്കെടുത്തു.
സംഭവത്തിൽ കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കേസ് (Crime No: 61/2026) രജിസ്റ്റർ ചെയ്തു. പ്രതികളെ കണ്ണൂർ JFCM I കോടതിയിൽ ഹാജരാക്കി . കേസിലെ തുടർനടപടികൾ വടകര NDPS കോടതിയിലായിരിക്കും നടക്കുക

