കണ്ണൂർ: പാലത്തായി പോക്സോ കേസിൽ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതിയും മുൻ അധ്യാപകനും ബി.ജെ.പി നേതാവുമായ കെ. പത്മരാജൻ ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും. വിചാരണക്കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി ഇന്നലെ മരവിപ്പിക്കുകയും പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തതിനെ തുടർന്നാണിത്.
ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവും അടക്കമുള്ള വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിചാരണക്കോടതി വിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി. അറുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഇത്തരമൊരു സംഭവം നടക്കാനുള്ള സാധ്യതയിൽ കോടതി സംശയം പ്രകടിപ്പിച്ചു. കൂടാതെ, ഇരയായ കുട്ടിയുടെ മൊഴികളിൽ കാര്യമായ വൈരുദ്ധ്യങ്ങളും തിരുത്തലുകളുമുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം പ്രസക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ സ്കൂളിനകത്തും പുറത്തും വെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലാണ് കഴിഞ്ഞ വർഷം നവംബറിൽ വിചാരണക്കോടതി പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചത്.
അതേസമയം, പത്മരാജന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളി മൂലമാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷ് ആരോപിച്ചു. എൽ.ഡി.എഫ് സർക്കാർ പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങി നൽകിയതാണെന്നും, സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾ ഇല്ലാതെ പ്രോസിക്യൂഷൻ ലാഘവബുദ്ധിയോടെ കേസിനെ സമീപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

