പ്രതിപക്ഷ ഉപനേതാവ് പദവി; പിണറായിയുടെ പ്രസ്താവന പദവിക്ക് നിരക്കാത്തത്; വിട്ടുവീഴ്ചയ്ക്കില്ലെന്ന് ബിനോയ് വിശ്വം

22 August 2026
പ്രതിപക്ഷ ഉപനേതാവ് പദവി; പിണറായിയുടെ പ്രസ്താവന പദവിക്ക് നിരക്കാത്തത്; വിട്ടുവീഴ്ചയ്ക്കില്ലെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: നിയമസഭാ പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്.

പിണറായിയുടെ പരാമർശം അദ്ദേഹം വഹിക്കുന്ന പദവിക്കും രാഷ്ട്രീയ പക്വതയ്ക്കും നിരക്കാത്തതാണെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും അവകാശമില്ലെന്നും ഇടതുമുന്നണിയുടെ സംസ്‌കാരത്തിന് ചേർന്നതല്ല ഈ നിലപാടയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇരുപാർട്ടികളും ചർച്ചചെയ്ത് പരിഹരിക്കാനായി മാറ്റിവെച്ച വിഷയത്തിൽ ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിക്കുന്നത് എൽഡിഎഫ് ശൈലിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന ആവശ്യത്തിൽ നിന്ന് പാർട്ടി ഒരു കാരണവശാലും പിന്നോട്ടുപോകില്ല.

പ്രശ്നം തീരുന്നതുവരെ നിയമസഭയിൽ പാർലമെന്ററി യോഗങ്ങളോ കമ്മിറ്റികളോ എൽഡിഎഫിന്റേതായി പൂർണ്ണമായി ചേർന്നു പ്രവർത്തിക്കില്ലെങ്കിലും മുന്നണി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കില്ലെന്ന് ബിനോയ് വിശ്വം അറിയിച്ചു. ഉപനേതൃസ്ഥാനത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് സിപിഐ യോഗത്തിലെ പൊതുവികാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.