കണ്ണൂർ: അധ്യാപക തസ്തിക നിലനിർത്താനും സർക്കാർ ആനുകൂല്യങ്ങൾ തട്ടിയെടുക്കാനും കുട്ടികളുടെ എണ്ണം വ്യാജമായി പെരുപ്പിച്ചു കാണിച്ച സംഭവത്തിൽ ജില്ലയിലെ ഇരുപതോളം സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ് അനുമതി തേടി.
കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കഴിഞ്ഞ എട്ട് മാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിവരങ്ങൾ പുറത്തുവന്നത്. കേസെടുക്കാൻ അനുമതി തേടിയുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.
സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ അഡ്മിഷൻ രജിസ്റ്റർ, ഹാജർ പട്ടിക, ഉച്ചഭക്ഷണ രജിസ്റ്റർ എന്നിവയിൽ വലിയ ക്രമക്കേടുകളാണ് വിജിലൻസ് സംഘം കണ്ടെത്തിയത്. വ്യാജ മേൽവിലാസങ്ങൾ ഉണ്ടാക്കിയും മറ്റു സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ പേരുകൾ ചേർത്തും തട്ടിപ്പ് നടത്തി. തലശേരിയിലെ ഒരു സ്കൂളിൽ ഒരു ക്ലാസിൽ മാത്രം 19 കുട്ടികളെയാണ് അധികമായി കാണിച്ചത്. കാസർഗോഡ് ജില്ലയിൽ നിന്നും കേന്ദ്രീയ വിദ്യാലയങ്ങളിൽ നിന്നും വരെ കുട്ടികളെ ഇത്തരത്തിൽ കടമെടുത്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
തസ്തിക നിലനിർത്തുന്നതിന് പുറമെ സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങൾ, ഉച്ചഭക്ഷണം തുടങ്ങിയവയുടെ പേരിലും വലിയ തുക തട്ടിയെടുത്ത് സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേസെടുക്കാൻ സർക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ ആദ്യ ഘട്ടത്തിൽ ക്ലാസ് അധ്യാപകർക്കും പ്രധാന അധ്യാപകർക്കുമെതിരെ നടപടി സ്വീകരിക്കാനാണ് വിജിലൻസിന്റെ തീരുമാനം.

