ഇരിട്ടി: ഓണത്തോടനുബന്ധിച്ച് പായം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ‘ഹെൽത്തി കേരള’ പദ്ധതിയുടെ ഭാഗമായി ഒരാഴ്ച നീളുന്ന സ്പെഷ്യൽ ഡ്രൈവുമായി ആരോഗ്യവകുപ്പ്. വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വ്യാപക പരിശോധനയിൽ ഇതുവരെ 76 സ്ഥാപനങ്ങൾ പരിശോധിച്ചു.
വീഴ്ചകൾ കണ്ടെത്തിയ നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചതിനും പുകയില വിരുദ്ധ നിയമപ്രകാരം (COTPA) നിയമലംഘനം നടത്തിയതിനും സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കി. 10 കേന്ദ്രങ്ങളിൽ നിന്നുള്ള കുടിവെള്ള സാമ്പിളുകൾ ഹെൽത്ത് ടീം പരിശോധിച്ചു.

ലൈസൻസ്, ഭക്ഷ്യസുരക്ഷാ കുടിവെള്ള പരിശോധനാ സർട്ടിഫിക്കറ്റ്, ജീവനക്കാരുടെ ഹെൽത്ത് കാർഡ് എന്നിവയില്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കും മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയവർക്കുമാണ് നോട്ടീസ് നൽകിയത്. വിവിധ കടകളിൽ നിന്നായി പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു.
എല്ലാ ഭക്ഷണ വിതരണ സ്ഥാപനങ്ങളും ആറു മാസത്തിലൊരിക്കൽ കുടിവെള്ളം പരിശോധിക്കുകയും, പരിശോധനാ ഫലം പൊതുജനങ്ങൾക്കു കാണാൻ തക്കവിധം പ്രദർശിപ്പിക്കുകയും വേണം. കുടിവെള്ളം അണുവിമുക്തമാക്കാൻ കൃത്യമായ ഇടവേളകളിൽ ശാസ്ത്രീയമായി ക്ലോറിനേഷൻ നടത്തണം.
ഭക്ഷണം പാകം ചെയ്യുമ്പോഴും വിതരണം ചെയ്യുമ്പോഴും ജീവനക്കാർ വ്യക്തിശുചിത്വം പാലിക്കണം. സ്ഥാപനത്തിലെ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡും സ്ഥാപനത്തിന് നിയമാനുസൃത ലൈസൻസും നിർബന്ധമാണ്.
ഓണം സീസണിലും മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിലും പഴക്കമുള്ളതോ കാലാവധി കഴിഞ്ഞതോ ആയ സാധനങ്ങൾ (പ്രത്യേകിച്ച് പാൽ, തൈര് എന്നിവ) ഉപയോഗിക്കരുതെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് സി. കുറ്റിയാനി, അനിൽകുമാർ, സിജു കെ., ജിതിൻ ജോർജ്, സന്ദീപ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ പുരോഗമിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ഹെൽത്ത് ടീം അറിയിച്ചു.

