കണ്ണൂർ: ആയിക്കര ഹാർബറിൽ മരിച്ചനിലയിൽ കണ്ടെത്തിയ അജ്ഞാതന്റെ മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി പൊലീസും കോർപ്പറേഷനും തമ്മിൽ തർക്കം. ജൂലൈ 7നാണ് ഇയാളെ ഹാർബറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര മാസമായി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മാറ്റാൻ നടപടിയില്ലാത്തത് ആശുപത്രി അധികൃതരെയും വലയ്ക്കുന്നുണ്ട്.
ഹാർബറിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന ഇയാൾ കായംകുളം സ്വദേശിയായ ‘ബാബു’ ആണെന്നാണ് ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ നൽകുന്ന വിവരം. എന്നാൽ പൊലീസ് കായംകുളത്ത് നടത്തിയ അന്വേഷണത്തിൽ വിലാസം സ്ഥിരീകരിക്കാനോ ബന്ധുക്കളെ കണ്ടെത്താനോ സാധിച്ചിട്ടില്ല.
തൊഴിലില്ലാത്ത മൃതദേഹം സംസ്കരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് പൊലീസ് കണ്ണൂർ കോർപ്പറേഷന് കത്തു നൽകിയെങ്കിലും, അടക്കാൻ സ്ഥലമില്ലെന്നും ദഹിപ്പിക്കാമെന്നുമായിരുന്നു നഗരസഭയുടെ മറുപടി. എന്നാൽ തിരിച്ചറിയാത്ത മൃതദേഹമായതിനാൽ നിയമപരമായി ദഹിപ്പിക്കാൻ കഴിയില്ലെന്ന് പൊലീസും വ്യക്തമാക്കുന്നു. ഇരു വിഭാഗങ്ങളും നിലപാടിൽ ഉറച്ചുനിൽക്കുന്നതോടെ സംസ്കാരം അനിശ്ചിതത്വത്തിലായി.
മൃതദേഹം തുടർച്ചയായി മോർച്ചറിയിൽ സൂക്ഷിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ, അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടും കോർപ്പറേഷന് കത്ത് നൽകിയിട്ടുണ്ട്

