ഭേദപ്പെട്ടവരായാൽ പോരാ, കമ്യൂണിസ്റ്റുകാർ വേറിട്ടുനിൽക്കണം – എം.എ. ബേബി

13 September 2026
ഭേദപ്പെട്ടവരായാൽ പോരാ, കമ്യൂണിസ്റ്റുകാർ വേറിട്ടുനിൽക്കണം – എം.എ. ബേബി

കോഴിക്കോട്: മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് തികച്ചും വ്യത്യസ്തരായ പെരുമാറ്റച്ചട്ടവും നിലപാടുകളും കമ്യൂണിസ്റ്റുകാർ ഉയർത്തിപ്പിടിക്കണമെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി. കോഴിക്കോട്ട് നടക്കുന്ന സി.പി.എം. വിപുലീകൃത സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു പാർട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ കമ്യൂണിസ്റ്റുകാർ ഭേദമാണെന്ന അഭിപ്രായം മാത്രം പോരാ എന്നും, വാക്കിലും പ്രവൃത്തിയിലും ജനങ്ങളോടുള്ള സമീപനത്തിലും ആ വ്യത്യാസം വ്യക്തമായി പ്രതിഫലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

രാജ്യത്തെ നിർദ്ധനരും അശരണരുമായ മനുഷ്യരുടെ ഏക പ്രതീക്ഷയും അഭയവും കമ്യൂണിസ്റ്റ് പാർട്ടിയാണ്. അതിന് അനുയോജ്യമായ രീതിയിൽ പാർട്ടിയിലെ നിലവിലുള്ള കുറവുകൾ പരിഹരിച്ച് മുന്നോട്ട് പോയേ തീരൂ.

പാർട്ടിയുടെ സംഘടന അടിത്തറ ശക്തമാക്കുന്നതിനും ജനകീയ ബന്ധം കൂടുതൽ സുദൃഢമാക്കുന്നതിനുമുള്ള ചർച്ചകളാണ് വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ നടക്കുന്നത്.