സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: സംസ്ഥാന സെക്രട്ടറിയേറ്റിൽ മാറ്റങ്ങൾ; എം.വി. ഗോവിന്ദന് പാർട്ടി ശാസന

15 September 2026
സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: സംസ്ഥാന സെക്രട്ടറിയേറ്റിൽ മാറ്റങ്ങൾ; എം.വി. ഗോവിന്ദന് പാർട്ടി ശാസന

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തിരിച്ചടികൾക്കും സംഘടനാപരമായ പോരായ്മകൾക്കും പിന്നാലെ സിപിഎം സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും സമഗ്രമായ അഴിച്ചുപണി. യുവനേതാക്കൾക്കും ജനകീയ മുഖങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് പാർട്ടി ഘടന പുനഃസംഘടിപ്പിച്ചിരിക്കുന്നത്.

സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പ്രമുഖ നേതാക്കളായ പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവരെ പുതുതായി ഉൾപ്പെടുത്തി. അതേസമയം, മുതിർന്ന നേതാക്കളായ ടി.പി. രാമകൃഷ്ണൻ, തോമസ് ഐസക് എന്നിവരെ സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കി.

ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികളും സംഘടനാ വീഴ്ചകളും ചർച്ച ചെയ്ത യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനമുയരുകയും പാർട്ടി തലത്തിൽ ശാസന നൽകുകയും ചെയ്തതായാണ് വിവരം.

സംസ്ഥാന കമ്മിറ്റിയിലും വൻ അഴിച്ചുപണിയാണ് നടത്തിയിരിക്കുന്നത്. എൻ.സുകന്യ, എം. വിജിൻ, ജെയ്ക് സി. തോമസ്, പി.എസ്. സഞ്ജീവ് തുടങ്ങി 9 പുതിയ അംഗങ്ങളെ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. യുവനിരയ്ക്ക് കൂടുതൽ പങ്കാളിത്തം നൽകി സംഘടനാ ശേഷി വീണ്ടെടുക്കുകയാണ് പാർട്ടി ലക്ഷ്യമിടുന്നത്.