തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ധനസഹായ വിതരണം വേഗത്തിലാക്കാൻ നടപടിയുമായി സർക്കാർ. ഇനിമുതൽ താലൂക്ക് തലത്തിലായിരിക്കും ധനസഹായ വിതരണം നടക്കുക. ജില്ലാ കളക്ടറേറ്റുകൾ മുഖേന തുക കൈമാറുന്നത് കാലതാമസത്തിനിടയാക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് ദുരന്ത നിവാരണ വകുപ്പിന്റെ പുതിയ ഉത്തരവ്.
ധനസഹായ വിതരണത്തിന്റെ പൂർണ ചുമതല തഹസിൽദാർമാർക്കായിരിക്കും. സർക്കാർ ഫണ്ട് ജില്ലാ കളക്ടർമാർക്ക് കൈമാറിയ ശേഷം തഹസിൽദാർമാർ വഴി ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തുക നേരിട്ടെത്തിക്കും.
വൻതോതിൽ അപേക്ഷകൾ ലഭിച്ചതോടെ കളക്ടറേറ്റുകൾ വഴിയുള്ള വിതരണം വൈകുന്നതായി ലാൻഡ് റവന്യൂ കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2018-19 പ്രളയകാലത്ത് നടപ്പിലാക്കിയ വികേന്ദ്രീകൃത രീതി പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. വിതരണത്തിന് ആവശ്യമായ സോഫ്റ്റ്വെയർ മാറ്റങ്ങൾ അടിയന്തരമായി വരുത്താൻ സി-ഡിറ്റിന് നിർദേശം നൽകിയിട്ടുണ്ട്.

