മലപ്പുറം: പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് കടൽ അസാധാരണമായി നൂറുമീറ്ററോളം പിൻവാങ്ങിയത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നു. കടൽ മാറിയതോടെ അടിത്തട്ടിലെ ചെളിയും പാറക്കെട്ടുകളും പുറത്തുകാണാവുന്ന നിലയിലാണ്. അപൂർവ്വ പ്രതിഭാസം കാണാൻ നിരവധി പേർ തീരത്തേക്ക് എത്തുന്നുണ്ട്.
രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പരപ്പനങ്ങാടി മേഖലയിൽ കടൽ ഉൾവലിയുന്നത്. മുൻപ് ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ അരക്കിലോമീറ്ററോളം ഭാഗത്ത് കടൽ പിൻവാങ്ങിയിരുന്നു.
കടലിന്റെ സ്വാഭാവിക രീതിയിലുണ്ടായ ഈ പെട്ടെന്നുള്ള മാറ്റം മത്സ്യബന്ധനത്തെയും തീരദേശ ജീവിതത്തെയും ബാധിക്കുമോയെന്ന ഭയത്തിലാണ് മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും.

