തൃശ്ശൂർ : തൃശ്ശൂരിലെ ‘നവമ’ എന്ന സാഹിത്യ പരിപാടിയിലേക്ക് ക്ഷണിക്കാനായി കവി സി. രാവുണ്ണി, എൻ.ആർ. ഗ്രാമപ്രകാശ്, സുബി ദാസ് എന്നിവർ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. പ്രഭാതനടത്തം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ രവീന്ദ്രനാഥ്, അതിഥികൾ എത്തിയിട്ടുണ്ടെന്നറിഞ്ഞിട്ടും തന്റെ ദിനചര്യകളിൽ മാറ്റമൊന്നും വരുത്തിയില്ല.
അദ്ദേഹം തന്നെ ചൂലെടുത്ത് മുറ്റം അടിച്ചുവാരി വൃത്തിയാക്കിയ ശേഷം അതിഥികളുടെ കാര്യം തിരക്കുകയും, അവർക്കായി ചായ ഉണ്ടാക്കി നൽകുകയുമായിരുന്നു. സി. രാവുണ്ണി പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ അപൂർവ്വ നിമിഷത്തിന്റെ ചിത്രം നിമിഷങ്ങൾക്കകമാണ് ശ്രദ്ധ നേടിയത്.
തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ മുൻ കെമിസ്ട്രി പ്രൊഫസറായ സി. രവീന്ദ്രനാഥ്, കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച മുൻ വിദ്യാഭ്യാസ മന്ത്രിയാണ്.
മന്ത്രിയായിരുന്ന കാലത്തും ട്രെയിനിലെ രണ്ടാം ക്ലാസ് സ്ലീപ്പർ കോച്ചുകളിൽ സാധാരണക്കാരനായി യാത്ര ചെയ്തിരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും മുൻപ് സൈക്കിൾ യാത്രയുടെ ചിത്രങ്ങളുമെല്ലാം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ജനപ്രതിനിധികളുടെ ലാളിത്യത്തിന് മാതൃകയാകുന്ന കാഴ്ചയാണ് ഈ സംഭവത്തിലൂടെ വീണ്ടും ചർച്ചയാകുന്നത്.

