കൊച്ചി: നെടുമ്പാശ്ശേരിയിലുണ്ടായ കാർ അപകടത്തിൽ മൂന്ന് പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ പ്രതിയെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി മരിച്ച പാലക്കാട് സ്വദേശി ഗോപികയുടെ കുടുംബം. ഗുരുതരമായ കുറ്റം ചെയ്തിട്ടും പ്രതി സുഹൈലിനെ ജുവനൈൽ ഹോമിലേക്ക് മാത്രമാണ് അയച്ചതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. മകൾക്ക് നീതി ലഭിക്കുമോ എന്ന് ഭയമുണ്ടെന്ന് ഗോപികയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഗോപികയുടെ അമ്മയും മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത് തുന്നിക്കെട്ടിയ ശേഷം വീണ്ടും രക്തസാമ്പിൾ ശേഖരിച്ചതിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നുണ്ട്. കേസിൽ അന്വേഷണം അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് കുടുംബാംഗങ്ങൾ പങ്കുവെക്കുന്നത്. അപകടത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരനായ പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

