വടകര: വടകര കേന്ദ്രീകരിച്ചുള്ള എംഡിഎംഎ കടത്തുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിതിരിവ്. കേസിലെ പ്രധാന പ്രതിയായ പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയിൽ ഫിറോസ് (28) പൊലീസിന്റെ പിടിയിലായി. മലബാറിലെ എംഡിഎംഎ മൊത്തവിതരണ ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കൂത്താളിയിൽനിന്ന് അറസ്റ്റിലായ അനസ്, കർണാടക ജയിലിൽ കഴിയുന്ന ചങ്ങരോത്ത് പുറവൂർ സ്വദേശി പൊൻ അജ്മൽ എന്നിവരുടെ അടുത്ത കൂട്ടാളിയാണ് ഫിറോസ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും മറ്റ് പ്രധാന കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ഫിറോസാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ കേസിൽ അധ്യാപികമാരെ ഉൾപ്പെടുത്തിയതിന് പിന്നിലും ഇയാളുടെ പങ്കുണ്ടെന്നാണ് വിവരം.
കേസിലെ മറ്റൊരു പ്രധാന പ്രതിയായ വയനാട് സ്വദേശി ഷിൻ്റോ ഷിജുവുമായി നിരന്തരം ഇടപാടുകൾ നടത്തിയിരുന്നതും ഫിറോസ് ആണെന്ന് പൊലീസ് പറഞ്ഞു. മുമ്പ് മൊടക്കല്ലൂരിലെ ലോഡ്ജിൽ വച്ച് യുവതിയോടൊപ്പം എംഡിഎംഎ സഹിതം എക്സൈസ് സംഘത്തിന്റെ പിടിയിലായിട്ടുള്ളയാളാണ് ഫിറോസ്.

