മീററ്റ്: രാജ്യത്തെ നടുക്കിയ മീററ്റിലെ ‘ബ്ലൂ ഡ്രം’ കൊലക്കേസിൽ പ്രതികൾക്ക് മീററ്റ് ജില്ലാ കോടതി വധശിക്ഷ വിധിച്ചു. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുത്തിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ മസ്കൻ റസ്തോഗി, കാമുകൻ സാഹിൽ ശുക്ല എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചത്. 2025 മാർച്ച് മൂന്നിനാണ് രാജ്യത്തെ പിടുകുലുക്കിയ ഈ ക്രൂര കൊലപാതകം നടക്കുന്നത്.
സൗരഭ് രാജ്പുത്തിനെ കൊലപ്പെടുത്തി ഒരുമിച്ച് ജീവിക്കാനായിരുന്നു മസ്കന്റെയും കാമുകനായ സാഹിൽ ശുക്ലയുടെയും പദ്ധതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതിന്റെ ഭാഗമായി പ്രതികൾ കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്യുകയായിരുന്നു. സംഭവദിവസം സൗരഭിന്റെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകി. തുടർന്ന് സാഹിൽ ശുക്ല സൗരഭിന്റെ വീട്ടിലെത്തുകയും, മസ്കനും സാഹിലും ചേർന്ന് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതികൾ ക്രൂരമായ മാർഗ്ഗമാണ് സ്വീകരിച്ചത്. കുളിമുറിയിൽവെച്ച് സൗരഭിന്റെ മൃതദേഹം വെട്ടിനുറുക്കിയ ശേഷം നീല നിറത്തിലുള്ള വലിയ ഡ്രമ്മിലാക്കുകയായിരുന്നു. തുടർന്ന് മൃതദേഹഭാഗങ്ങൾക്കൊപ്പം കോൺക്രീറ്റും നിറച്ച് ഡ്രം പൂർണ്ണമായി അടച്ചുറപ്പിച്ചു. ഈ നീല ഡ്രമ്മാണ് പിന്നീട് കേസിൽ നിർണ്ണായകമായ പ്രധാന തെളിവായി മാറിയത്.

