കോളർ ഐഡി സംവിധാനം നവംബർ മുതൽ നിലവിൽ വരും; വിളിക്കുന്നത് ആരെന്ന് ഇനി സ്ക്രീനിൽ കാണാം

15 October 2026
കോളർ ഐഡി സംവിധാനം നവംബർ മുതൽ നിലവിൽ വരും; വിളിക്കുന്നത് ആരെന്ന് ഇനി സ്ക്രീനിൽ കാണാം

ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ ഫോണുകളിൽ വിളിക്കുന്ന ആളുടെ പേര് വ്യക്തമാക്കുന്ന കോളർ ഐഡി സംവിധാനം നിർബന്ധമാക്കി കേന്ദ്രസർക്കാർ. രാജ്യത്തെ ടെലികോം സേവനദാതാക്കൾക്ക് ഇത് സംബന്ധിച്ച് കേന്ദ്ര ടെലികോം വകുപ്പ് ഔദ്യോഗിക നിർദ്ദേശം നൽകി. വരുന്ന നവംബർ ഒന്നുമുതൽ CNAP സേവനം രാജ്യവ്യാപകമായി അവതരിപ്പിക്കാനാണ് ടെലികോം കമ്പനികൾക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.

ഈ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഫോൺ നമ്പറുകൾ സേവ് ചെയ്തിട്ടില്ലെങ്കിലും, ഇൻകമിങ് കോളുകൾ വരുമ്പോൾ ആ നമ്പറിന്റെ ഉടമയുടെ പേര് ഫോൺ സ്ക്രീനിൽ തെളിയും.

ടെലികോം ഡാറ്റാബേസിൽ ഉപഭോക്താവിന്റെ ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പേരായിരിക്കും ഇൻകമിങ് കോൾ വരുമ്പോൾ പ്രദർശിപ്പിക്കുക. വിദേശത്തുനിന്നുള്ള കോളുകൾക്ക് ‘ഇന്റർനാഷണൽ കോൾ’ എന്ന ലേബൽ ആയിരിക്കും കാണിക്കുക. നിലവിൽ 4ജി, 5ജി നെറ്റ്‌വർക്കുകളിലാണ് ഈ സംവിധാനം നടപ്പിലാക്കുന്നതെങ്കിലും 2ജി, 3ജി നെറ്റ്‌വർക്കുകളിൽ ഇത് ഭാവിയിൽ നടപ്പിലാക്കുന്നത് പരിഗണിക്കും. വ്യാജ കോളുകളും സാമ്പത്തിക തട്ടിപ്പുകളും തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം.