മമ്മൂട്ടിയുടെ സന്ദർശന വിവാദം: സൗഹൃദങ്ങൾക്ക് രാഷ്ട്രീയമില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

9 November 2026
മമ്മൂട്ടിയുടെ സന്ദർശന വിവാദം: സൗഹൃദങ്ങൾക്ക് രാഷ്ട്രീയമില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്റെ തൃശൂരിലെ വീട്ടിൽ നടൻ മമ്മൂട്ടി സന്ദർശനം നടത്തിയതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ചിലർ നടത്തുന്ന വിമർശനങ്ങൾക്ക് ശക്തമായ മറുഭവിയുമായി ബി. ഗോപാലകൃഷ്ണൻ രംഗത്ത്.

വ്യക്തിബന്ധങ്ങളും സ്നേഹവും രാഷ്ട്രീയത്തിനതീതമാണെന്നും, എന്നാൽ കേരളത്തിൽ രാഷ്ട്രീയ സൗഹൃദങ്ങൾ വളരുന്നതിൽ അസൂയയുള്ള ചില ‘ഛിദ്രശക്തികളാണ്’ ഇത്തരം വിവാദങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്ക് രാഷ്ട്രീയത്തിൽ സ്വന്തം നിലപാടുണ്ടെങ്കിലും വ്യക്തിബന്ധങ്ങൾ പൂർണ്ണമായും അതിൽ നിന്നും വ്യത്യസ്തമാണെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം തന്റെ കുടുംബവിശേഷങ്ങളിൽ പങ്കുകൊണ്ടിട്ടുള്ളവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകർക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നവരാണ് മമ്മൂട്ടിയുടെ സന്ദർശനത്തെ വിവാദമാക്കാൻ നോക്കുന്നത്. മമ്മൂട്ടിയെപ്പോലെയുള്ള വലിയ മനസ്സിന് ഉടമയായ ഒരാൾക്ക് ഇത്തരം ചെറിയ വിമർശനങ്ങൾ ഒരു വിഷയമേയല്ലെന്നും, രാഷ്ട്രീയത്തിന് അതീതമായ ഇത്തരം മാതൃകകൾ സമൂഹത്തിൽ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.