കോൺഗ്രസിൽ പോര് മുറുകുന്നു: ‘നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; കടുത്ത വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

24 November 2026
കോൺഗ്രസിൽ പോര് മുറുകുന്നു: ‘നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; കടുത്ത വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ തർക്കം രൂക്ഷമായി തുടരുന്നതിനിടെ ഷാഫി പറമ്പിലിനെ കടന്നാക്രമിച്ച് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ വീണ്ടും രംഗത്തെത്തി. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലാണെന്നും ഷാഫി പറമ്പിലിന് വേണ്ടിയാണ് ഇത് നടത്തുന്നതെന്നും അദ്ദേഹം പരോക്ഷമായി ആരോപിച്ചു.

‘നാലു ഗർഭമുണ്ടാക്കി അടൂരിലെ വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’ എന്നായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ വിമർശനം. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ണിത്താനും ഷാഫി പറമ്പിലും തമ്മിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് പുതിയ പ്രതികരണം. ഷാഫി പറമ്പിൽ ‘എ’ ഗ്രൂപ്പിന്റെ ഭാഗമല്ലെന്നും ഷാഫി എ പക്ഷത്താണെന്ന് വിശ്വസിക്കാൻ മൗഢ്യമില്ലെന്നും ഉണ്ണിത്താൻ നേരത്തെ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ഉണ്ണിത്താന്റെ മുൻകാല പാർട്ടി നിലപാടുകളെയും സസ്പെൻഷനുകളെയും പരാമർശിച്ച് ഷാഫി പക്ഷ നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചിരുന്നു. വ്യാജ ഐഡികളിൽ നിന്നാണ് തനിക്കെതിരായ സൈബർ ആക്രമണം വരുന്നതെന്നും ഇതെല്ലാം സംഘടിതമാണെന്നും പെട്ടിത്താങ്ങികളായ കുറേപേരാണ് പോസ്റ്റുകൾ ഇട്ടിരിക്കുന്നതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.