റെക്കോഡുകൾ തിരുത്തിക്കുറിച്ച് ലയണൽ മെസ്സി

4 July 2026
റെക്കോഡുകൾ തിരുത്തിക്കുറിച്ച് ലയണൽ മെസ്സി

മിയാമി: ഫിഫ ലോകകപ്പിൽ കേപ് വെർദെ ഉയർത്തിയ കടുത്ത പ്രതിരോധം മറികടന്ന് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി. എക്സ്ട്രാ ടൈം വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന വിജയം കൈക്കലാക്കിയത്.

മത്സരത്തിൽ ഗോൾ നേടിയ നായകൻ ലയണൽ മെസ്സി ലോകകപ്പ് ചരിത്രത്തിലെ നിരവധി സുപ്രധാന റെക്കോഡുകളാണ് സ്വന്തം പേരിലാക്കിയത്.

മത്സരത്തിന്റെ 29-ാം മിനിറ്റിൽ ഗോൾ നേടിയതോടെ മെസ്സിയുടെ ആകെ ലോകകപ്പ് ഗോൾനേട്ടം 20 ആയി ഉയർന്നു. ആറ് ലോകകപ്പുകളിലായി ഈ നേട്ടത്തിലെത്തുന്ന മെസ്സി, ഫുട്ബോൾ ചരിത്രത്തിൽ 20 ലോകകപ്പ് ഗോളുകൾ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും സ്വന്തമാക്കി. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന തന്റെ തന്നെ റെക്കോഡാണ് താരം ഇതോടെ തിരുത്തിയത്.

കൂടാതെ കേപ് വെർദെയ്ക്കെതിരെയുള്ള മത്സരം ലോകകപ്പിൽ മെസ്സിയുടെ 30-ാമത്തെ പോരാട്ടമായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം 30 ലോകകപ്പ് മത്സരങ്ങൾ പൂർത്തിയാക്കുന്നത്. ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന പദവിയും മെസ്സിക്ക് സ്വന്തമായി.

നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പ് ടൂർണമെന്റിൽ മെസ്സിയുടെ ഏഴാമത്തെ ഗോളായിരുന്നു ഇത്. കഴിഞ്ഞ ഖത്തർ ലോകകപ്പിലും മെസ്സി ഏഴ് ഗോളുകൾ നേടിയിരുന്നു. ഇതോടെ, തുടർച്ചയായി രണ്ട് ലോകകപ്പ് എഡിഷനുകളിൽ 7 ഗോളുകൾ വീതം നേടുന്ന ആദ്യ താരം എന്ന നേട്ടവും ലയണൽ മെസ്സി തന്റെ പേരിൽ കൂട്ടിച്ചേർത്തു.