മുംബൈ : മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ തീവ്രമഴയും പ്രളയക്കെടുതിയും തുടരുന്നു. കഴിഞ്ഞ ആറ് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് മുംബൈ, താനെ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മുംബൈയിൽ നിലവിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്.
കനത്ത മഴയെത്തുടർന്ന് ഇന്നലെ രാത്രി മുംബൈയിലെ മാൻകുർദിൽ കുടിലുകൾ തകർന്നു വീണ് ആറു പേർ മരിച്ചു. മരിച്ചവരിൽ അഞ്ചുപേർ കുട്ടികളാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈ – പൂണൈ ദേശീയ പാതയിൽ ഉരുൾപൊട്ടലുണ്ടായതായും റിപ്പോർട്ടുകളുണ്ട്. പാൽഘർ ജില്ലയിലെ വസായി, വീരാർ തുടങ്ങിയ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും പൂർണ്ണമായും വെള്ളത്തിനടിയിലാണ്.
മഹാരാഷ്ട്രയ്ക്ക് പുറമേ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. ഉത്തരാഖണ്ഡിലെ അളകനന്ദാ നദിയിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതിനെ തുടർന്ന് നമാമി ഘട്ട് പൂർണ്ണമായും വെള്ളത്തിനടിയിലായി.
വരും ദിവസങ്ങളിൽ ഒഡിഷ, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഒഡിഷയിൽ അതിതീവ്ര മഴയ്ക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള താഴ്ന്ന മേഖലകളിൽ അതിരൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ ഗരിയാബന്ദ് ജില്ലയിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് ഒറ്റപ്പെട്ടുപോയ തൊഴിലാളികളെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി.

