‘കയ്യും കാലും വിറച്ച് ബോധം കെടാൻ പോയി, അദ്ദേഹം എനിക്ക് അച്ഛനെപ്പോലെയായിരുന്നു’; ഭാഗ്യരാജിന്റെ മരണവാർത്തയറിഞ്ഞ നിമിഷത്തെക്കുറിച്ച് ഉർവശി

7 July 2026
‘കയ്യും കാലും വിറച്ച് ബോധം കെടാൻ പോയി, അദ്ദേഹം എനിക്ക് അച്ഛനെപ്പോലെയായിരുന്നു’; ഭാഗ്യരാജിന്റെ മരണവാർത്തയറിഞ്ഞ നിമിഷത്തെക്കുറിച്ച് ഉർവശി

കൊച്ചി: തെന്നിന്ത്യൻ സിനിമയിലെ പ്രിയ സംവിധായകനും നടനുമായ ഭാഗ്യരാജിന്റെ അപ്രതീക്ഷിത വിയോഗ വാർത്ത തന്നിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് മനസ്സ് തുറന്ന് നടി ഉർവശി. അദ്ദേഹത്തിന്റെ മരണവിവരമറിഞ്ഞ് കയ്യും കാലുമൊക്കെ വിറച്ച് താൻ ബോധംകെടാൻ പോയെന്നും, ആ അവസ്ഥയിൽ അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ പോകാൻ കഴിഞ്ഞില്ലെന്നും ഉർവശി വെളിപ്പെടുത്തി. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ വൈകാരിക നിമിഷങ്ങൾ പങ്കുവെച്ചത്.

മരണവാർത്ത അറിയുമ്പോൾ താൻ ഒരു സിനിമയുടെ ഷൂട്ടിങ് സെറ്റിലായിരുന്നുവെന്ന് ഉർവശി പറയുന്നു. “വാർത്തയറിഞ്ഞപ്പോൾ എന്റെ കയ്യും കാലുമൊക്കെ വിറച്ച് ഞാൻ ബോധം കെടാൻ പോയി. എന്റെ അവസ്ഥ കണ്ട് സഹായികൾ പേടിച്ചുപോയി.

സെറ്റിൽ എല്ലാവരും നിശബ്ദരായിരുന്നു. ആ ഫോൺ കോൾ വന്നിരുന്നില്ലെങ്കിൽ ഞാൻ ഒന്നും അറിയുമായിരുന്നില്ല,” ഉർവശി ഓർത്തു.

ഭാഗ്യരാജിനെ അവസാനമായി കാണാൻ പോകാതിരുന്നതിനെക്കുറിച്ചും താരം വ്യക്തത വരുത്തി: “ഭാഗ്യരാജ് സാർ എനിക്ക് അച്ഛന്റെ സ്ഥാനത്തായിരുന്നു. അദ്ദേഹത്തെ കാണാനായി ഞാൻ ഇറങ്ങിയതുമാണ്. എന്നാൽ പാതിവഴിയിൽ വെച്ച് വണ്ടി തിരിച്ചുവിടാൻ ഞാൻ ആവശ്യപ്പെട്ടു.

കാരണം, ഞാൻ അവിടേക്ക് പോകേണ്ടത് പൂർണിമ അക്കയേയും മക്കളേയും ആശ്വസിപ്പിക്കാനാണ്. എന്നാൽ അവരേക്കാൾ മോശം അവസ്ഥയിലായിരുന്നു ഞാൻ. ഞാൻ അവിടെച്ചെന്ന് തളർന്നുവീണാൽ അത് അവരുടെ അവസ്ഥ കൂടുതൽ മോശമാക്കും, അതൊരു ദ്രോഹമാകും എന്ന് തോന്നിയതിനാലാണ് തിരിച്ചുപോന്നത്.”

ഇത്രയും വർഷമായി കൂടെയുള്ള മാനേജർ അണ്ണൻ വിളിച്ച് എന്നോട് പോകാൻ പറഞ്ഞിട്ടും എന്നെക്കൊണ്ട് അതിന് സാധിക്കില്ലായിരുന്നു,” ഉർവശി കൂട്ടിച്ചേർത്തു.

ഇന്ത്യൻ സിനിമയിലെ ‘തിരക്കഥകളുടെ രാജാവ്’ എന്നറിയപ്പെടുന്ന ഭാഗ്യരാജ് ജൂൺ 27-നാണ് ചെന്നൈയിൽ വെച്ച് അന്തരിച്ചത്. തനതായ ഹാസ്യശൈലിയിലൂടെയും കുടുംബബന്ധങ്ങളുടെ കഥകളിലൂടെയും സിനിമാസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ച അദ്ദേഹം സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്. മലയാള സിനിമകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.