ദിവ്യ എസ് അയ്യരുടെ മാറ്റം വിവാദമാക്കേണ്ടതില്ല: കെ.കെ. ശൈലജ

9 July 2026
ദിവ്യ എസ് അയ്യരുടെ മാറ്റം വിവാദമാക്കേണ്ടതില്ല: കെ.കെ. ശൈലജ

ദില്ലി: വിഴിഞ്ഞം തുറമുഖ എംഡിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവം വിവാദവിഷയമാക്കേണ്ട കാര്യമില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ.

പുതിയ സർക്കാർ വരുമ്പോൾ ഉദ്യോഗസ്ഥരെ അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്നത് സ്വാഭാവികമായ നടപടി മാത്രമാണെന്ന് അവർ പറഞ്ഞു. ദിവ്യ എസ് അയ്യരെ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ നേരത്തെ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാ​ഗേഷ് വിമർശനമുന്നയിച്ചിരുന്നു. ഡീലിന്റെ ഭാ​ഗമായിട്ടാണ് ദിവ്യയെ മാറ്റിയെതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

അതേസമയം, തെറ്റ് തിരുത്തി വരുന്നവർ പാർട്ടിയിലേക്ക് മടങ്ങിയെത്തുന്നതിൽ കുഴപ്പമില്ലെന്ന എം.വി. ജയരാജന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യങ്ങളോട്, ഈ വിഷയത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും, അതിനാൽ താൻ പ്രത്യേകിച്ച് ഒരു അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.