ഇന്ത്യൻ ചലച്ചിത്ര സംഗീതലോകത്തെ ഒരു സുവർണ്ണ അധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. ഭാവസാന്ദ്രമായ തൻ്റെ ആലാപനം കൊണ്ട് ദക്ഷിണേന്ത്യയുടെ ‘ഗാനകോകിലം’ ആയി മാറിയ വിഖ്യാത ഗായിക എസ്. ജാനകി (88) വിടവാങ്ങി. ആറപതിറ്റാണ്ടുകാലം ഇന്ത്യയിലെ സംഗീതാസ്വാദകരെ ഒന്നടങ്കം പ്രണയത്തിലും വിരഹത്തിലും താരാട്ടുപാട്ടുകളിലും ആഴ്ത്തിയ ആ ധന്യമായ ശബ്ദം ഇനി ഓർമ്മകളിൽ മാത്രം.
മൈസൂരുവിലെ ബൊഗാദിയിലെ വീട്ടിൽ വെച്ച് ശനിയാഴ്ച ഉച്ചയ്ക്ക് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാനകിയമ്മ വൈകീട്ടോടെയാണ് അന്തരിച്ചത്. ഏകമകൻ മുരളീകൃഷ്ണ ഇക്കഴിഞ്ഞ ജനുവരിയിൽ അന്തരിച്ചതിനെത്തുടർന്ന് പേരക്കുട്ടി അപ്സരയുടെ കൂടെയായിരുന്നു മൈസൂരുവിൽ താമസം.
മൈസൂരുവിലെ കനിയനഹുണ്ടി ഫാം ഹൗസിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ നടന്നത്. അന്ത്യകർമ്മങ്ങൾ പേരക്കുട്ടി അപ്സര നിർവഹിച്ചു. പ്രിയ ജാനകിയമ്മയ്ക്ക് അന്ത്യോപചാരമർപ്പിക്കാൻ കെ.എസ്. ചിത്ര ഉൾപ്പെടെയുള്ള പ്രമുഖർ എത്തിയിരുന്നു.
ഭാഷകളുടെ അതിരുകൾ മായ്ച്ച ഗാനമാധുര്യം
1938 ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് എസ്. ജാനകിയുടെ ജനനം. മൂന്നാം വയസ്സിൽ സംഗീതത്തിന്റെ ലോകത്തേക്ക് ചുവടുവെച്ച അവർ, 17-ഓളം ഇന്ത്യൻ ഭാഷകളിലായി 48,000-ത്തിലധികം ഗാനങ്ങളാണ് പാടിത്തീർത്തത്.
മലയാളം, തെലുഗു, കന്നഡ, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉറുദു, ഗുജറാത്തി, സംസ്കൃതം, ബഡഗ, പഞ്ചാബി, കൊങ്കിണി, അസമീസ് എന്നീ ഭാഷകൾക്ക് പുറമെ സിംഹള, ഇംഗ്ലീഷ്, ജർമൻ, ജാപ്പനീസ് എന്നീ വിദേശ ഭാഷകളിലും ജാനകിയമ്മ തൻ്റെ സ്വരമുദ്ര പതിപ്പിച്ചു.
ഏത് ഭാഷയിൽ പാടിയാലും അത് ആ ഭാഷക്കാരുടേത് മാത്രമാണെന്ന് തോന്നിപ്പിക്കും വിധമുള്ള കൃത്യമായ ഉച്ചാരണശുദ്ധിയും ഭാവവിശുദ്ധിയുമായിരുന്നു ജാനകിയമ്മ ആലാപനത്തിന്റെ മുഖമുദ്ര. പാട്ടുകൾ എഴുതുന്നതിലും സംഗീതസംവിധാനം നിർവ്വഹിക്കുന്നതിലും അവർ തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ആദ്യ ഗാനവും മലയാളത്തിലേക്കുള്ള വരവും
‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ജാനകി ആദ്യമായി പാടിയതെങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല. തുടർന്ന് ‘എം.എൽ.എ.’ എന്ന തെലുഗു ചിത്രത്തിലെ ‘നീ ആശ ആദിയാശ’ എന്ന ഗാനത്തിലൂടെയാണ് ജാനകിയുടെ ശബ്ദം ആദ്യമായി ലോകം കേൾക്കുന്നത്.
1957-ൽ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വാഴ്വിൽ…’ എന്ന വിരഹഗാനം ആലപിച്ചുകൊണ്ട് അവർ മലയാളത്തിലേക്ക് കടന്നുവന്നു.
അവാർഡുകളുടെ പെരുമഴ, നിരസിച്ച പത്മഭൂഷൺ
സംഗീത ലോകത്തിന് നൽകിയ സമഗ്രസംഭാവനകൾക്കായി നിരവധി പുരസ്കാരങ്ങൾ ജാനകിയമ്മയെ തേടിയെത്തി. 4 തവണ ദേശീയ ചലച്ചിത്ര അവാർഡുകൾ, 1977-ൽ ഭാരതിരാജയുടെ ‘പതിനാറു വയതിനിലേ’ എന്ന തമിഴ് ചിത്രത്തിലെ ‘സിന്ദൂരപ്പൂവേ…’ എന്ന ഗാനത്തിനായിരുന്നു ആദ്യ ദേശീയ പുരസ്കാരം.
മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 11 തവണ.
ആന്ധ്രപ്രദേശ് സർക്കാരിന്റെ പുരസ്കാരം 10 തവണ, തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം 7 തവണ എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി ആകെ 33 അവാർഡുകൾ.
2013-ൽ രാജ്യം പദ്മഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചെങ്കിലും ജാനകിയമ്മ അത് നിരസിക്കുകയായിരുന്നു.
1997-ൽ ഭർത്താവ് വി. രാമപ്രസാദിന്റെ മരണശേഷം സിനിമാഗാനരംഗത്ത് അവർ സജീവമല്ലാതായി മാറി. തുടർന്ന് 2016-ൽ തന്റെ ആറു പതിറ്റാണ്ട് നീണ്ട ഔദ്യോഗിക സംഗീത ജീവിതത്തിൽ നിന്ന് പൂർണ്ണമായി വിരമിക്കൽ പ്രഖ്യാപിച്ച ജാനകിയമ്മ, മൈസൂരുവിലെ വീട്ടിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

