തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (13.07.2026) വൈകുന്നേരം 7 മണിക്ക് ശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) അറിയിച്ചു.
എൽനിനോ പ്രതിഭാസത്തെത്തുടർന്ന് സംസ്ഥാനത്ത് മഴ വൻതോതിൽ കുറഞ്ഞതും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ചൂട് കടുത്തതോടെ മുൻകാലങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതിന് പുറമെ, രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ച് (Power Exchange) വഴിയുള്ള വൈദ്യുതി ലഭ്യതയിലും വലിയ കുറവ് അനുഭവപ്പെടുന്നുണ്ട്.
കേന്ദ്ര പൂളിൽ നിന്നും പവർ എക്സ്ചേഞ്ച് വഴിയും ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ മാത്രമേ നിയന്ത്രണം ഏർപ്പെടുത്തുകയുള്ളൂ എന്ന് കെഎസ്ഇബി വ്യക്തമാക്കി.

