വാഷിങ്ടൺ: നാസയുടെ (NASA) പുതിയ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി മലയാളി വംശജനായ ഡോ. അനിൽ മേനോൻ ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) കുതിക്കും. റഷ്യൻ ബഹിരാകാശ പേടകമായ സൊയൂസ് എം എസ് 29 (Soyuz MS-29) ലാണ് അദ്ദേഹം യാത്ര തിരിക്കുന്നത്.
ഇന്ത്യൻ സമയം രാത്രി 8.17-നാണ് ലോകം ഉറ്റുനോക്കുന്ന ഈ ചരിത്ര വിക്ഷേപണം. കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്നാണ് പേടകം കുതിച്ചുയരുക. വിക്ഷേപണം കഴിഞ്ഞ് ഏകദേശം മൂന്ന് മണിക്കൂറുകൾക്കുള്ളിൽ പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കും.
ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോന്റെയും യുക്രൈൻ സ്വദേശിനിയായ എലിസബത്ത് സമോയിലെങ്കോയുടേയും മകനാണ് നാൽപ്പത്തൊൻപതുകാരനായ അനിൽ മേനോൻ. മികച്ചൊരു ഡോക്ടർ, മെക്കാനിക്കൽ എഞ്ചിനീയർ, യുഎസ് സ്പേസ് ഫോഴ്സിലെ പൈലറ്റ് എന്നീ നിലകളിൽ താൻ കൈവെച്ച മേഖലകളിലെല്ലാം തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് അദ്ദേഹം. 2021-ലാണ് അനിൽ മേനോൻ നാസയുടെ ബഹിരാകാശ പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നത്.
അനിൽ മേനോനൊപ്പം റഷ്യൻ ബഹിരാകാശ യാത്രികരായ (Cosmonauts) പ്യോട്ടർ ഡുബ്രോവ്, അന്ന കികിന എന്നിവരും ഈ ദൗത്യത്തിലുണ്ട്. എട്ട് മാസം നീണ്ടുനിൽക്കുന്നതാണ് ഈ മൂവർ സംഘത്തിന്റെ യാത്ര. അടുത്ത വർഷം (2027) ഏപ്രിലിൽ മാത്രമായിരിക്കും ഇവർ ഭൂമിയിലേക്ക് മടങ്ങിയെത്തുക.
ബഹിരാകാശ യാത്രയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, താൻ ദൗത്യത്തിന് പൂർണ്ണ സജ്ജനാണെന്ന് അനിൽ മേനോൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. യാത്രയെക്കുറിച്ച് വലിയ ആവേശത്തിലാണെന്നും, ഈ സ്വപ്നതുല്യമായ യാത്രയ്ക്ക് അവസരമൊരുക്കിയ നാസയ്ക്കും പ്രതിസന്ധികളിൽ ഒപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

