മലയാളി വേരുകളുള്ള നാസയുടെ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) പ്രവേശിച്ച് ചരിത്രനേട്ടം കുറിച്ചു. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ കോസ്മോണോട്ടുകളായ പ്യോട്ടർ ദുബ്രോവ്, അന്ന കിക്കിന എന്നിവരടങ്ങുന്ന മൂന്നംഗ സംഘത്തോടൊപ്പമാണ് അനിൽ മേനോൻ ഐഎസ്എസിൽ എത്തിയത്.
കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് വിക്ഷേപിച്ച സൊയൂസ് എംഎസ്-29 (Soyuz MS-29) പേടകം ഇന്ത്യൻ സമയം രാത്രി 11.26-ഓടെ ഐഎസ്എസുമായി വിജയകരമായി ഡോക്ക് ചെയ്തു. തുടർന്ന് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഘം ഔദ്യോഗികമായി ബഹിരാകാശ നിലയത്തിനുള്ളിൽ പ്രവേശിച്ചത്.
ചന്ദ്ര-ചൊവ്വ ദൗത്യങ്ങൾക്ക് കരുത്തേകുന്ന 8 മാസത്തെ ഗവേഷണം
ബഹിരാകാശ നിലയത്തിൽ എട്ടുമാസം നീണ്ടുനിൽക്കുന്ന അതീവ നിർണായകമായ ശാസ്ത്ര ഗവേഷണങ്ങളാണ് അനിൽ മേനോനെയും സംഘത്തെയും കാത്തിരിക്കുന്നത്. ജീവശാസ്ത്രം, മെഡിക്കൽ സാങ്കേതികവിദ്യ, മെറ്റീരിയൽ സയൻസ് തുടങ്ങിയ മേഖലകളിലെ വൈവിധ്യമാർന്ന പരീക്ഷണങ്ങൾ ഈ ദൗത്യത്തിന്റെ ഭാഗമാണ്. ഭാവിയിലെ ചന്ദ്ര, ചൊവ്വ ദൗത്യങ്ങൾക്ക് അടിത്തറയിടുന്ന ഉയർന്ന നിലവാരമുള്ള സെമികണ്ടക്ടർ ക്രിസ്റ്റലുകളുടെ നിർമ്മാണവും ഈ ഗവേഷണങ്ങളിൽ ഉൾപ്പെടുന്നു.
കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ചുള്ള ആരോഗ്യ പരിശോധന
ഈ ദൗത്യത്തിലെ ഏറ്റവും വിപ്ലവകരമായ പരീക്ഷണം ബഹിരാകാശത്ത് കൃത്രിമ ബുദ്ധിയും (AI) ഓഗ്മെന്റഡ് റിയാലിറ്റിയും (AR) സമന്വയിപ്പിച്ചുകൊണ്ടുള്ള ആരോഗ്യപരിശോധനയാണ്.
ഭൂമിയിലുള്ള ഡോക്ടർമാരുടെ തത്സമയ നിർദേശങ്ങളോ സഹായമോ ഇല്ലാതെ തന്നെ ബഹിരാകാശ സഞ്ചാരികൾക്ക് സ്വന്തമായി ആരോഗ്യപരിശോധനയും രോഗനിർണയവും നടത്താൻ സഹായിക്കുന്ന ഒരു എഐ മെഡിക്കൽ അസിസ്റ്റന്റ് സംവിധാനമാണ് നാസ ഇവിടെ പരീക്ഷിക്കുന്നത്.
അൾട്രാസൗണ്ട് ചിത്രങ്ങൾ കൃത്യമായി വിശകലനം ചെയ്യാനും ആവശ്യമായ വിവരങ്ങൾ നൽകാനും ഈ എഐ സംവിധാനത്തിന് സാധിക്കും.
ചന്ദ്രൻ, ചൊവ്വ തുടങ്ങിയ ദൂരമേറിയ ബഹിരാകാശ ദൗത്യങ്ങളിൽ ഭൂമിയുമായുള്ള ആശയവിനിമയത്തിൽ വലിയ സമയതാമസം അനുഭവപ്പെടും. ഇത്തരം ഘട്ടങ്ങളിൽ തത്സമയ മെഡിക്കൽ സഹായം ലഭ്യമാകാതെ വരുമ്പോൾ, ബഹിരാകാശ സഞ്ചാരികൾക്ക് സ്വയംപര്യാപ്തതയോടെ അടിയന്തിര ആരോഗ്യപരിശോധനകൾ നടത്താൻ ഈ സാങ്കേതികവിദ്യ വലിയ തോതിൽ സഹായകരമാകും.

