കേസെടുക്കാത്തത് അരാജകത്വത്തിന് വഴിയൊരുക്കും;’പരാതി നൽകിയപ്പോൾ നേരിട്ടത് ലൈംഗികാതിക്രമം’.. ഉന്നത പോലീസ് ഉദ്യോഗസ്ഥർ പ്രതികളായ പൊന്നാനി പീഡനക്കേസിൽ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

15 July 2026
കേസെടുക്കാത്തത് അരാജകത്വത്തിന് വഴിയൊരുക്കും;’പരാതി നൽകിയപ്പോൾ നേരിട്ടത് ലൈംഗികാതിക്രമം’..  ഉന്നത പോലീസ് ഉദ്യോഗസ്ഥർ പ്രതികളായ പൊന്നാനി പീഡനക്കേസിൽ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: ഉന്നത പോലീസ് ഉദ്യോഗസ്ഥർ പ്രതികളായ പൊന്നാനി പീഡനക്കേസിൽ എഫ്.ഐ.ആർ. (FIR) രജിസ്റ്റർ ചെയ്യാൻ വൈകുന്നതിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ആരോപണവിധേയർക്കെതിരെ കേസെടുക്കാത്തത് സമൂഹത്തിൽ അരാജകത്വത്തിന് വഴിയൊരുക്കുമെന്നും എന്തുകൊണ്ടാണ് ഇതുവരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാത്തതെന്നും കോടതി ചോദിച്ചു.

കേസെടുത്ത് അന്വേഷണം നടത്തണമെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മലപ്പുറം മുൻ എസ്.പി. സുജിത് ദാസ്, ഡി.വൈ.എസ്.പി. വി.വി. ബെന്നി, സി.ഐ. വിനോദ് എന്നിവർ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റെ ഈ പരാമർശം.

നീണ്ട നാലര വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കഴിഞ്ഞ ഒൻപതാം തീയതി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഇന്ന് പതിനഞ്ചാം തീയതിയായിട്ടും കേസ് രജിസ്റ്റർ ചെയ്യാത്തതിനെ കോടതി ചോദ്യം ചെയ്തു. പ്രതികളുടെ ഹർജി നാളെ ഉച്ചയ്ക്ക് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മറ്റൊരു പരാതിയുമായി നീതി തേടി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ച പൊന്നാനി സ്വദേശിയായ യുവതിക്ക് നേരെ ഈ ഉദ്യോഗസ്ഥർ ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി. ഒടുവിൽ അതിജീവിതയുടെ പരാതി പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ സുപ്രീം കോടതി മജിസ്‌ട്രേറ്റ് കോടതിയോട് നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി പോലീസിന് നിർദ്ദേശം നൽകിയത്.

പ്രതികൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരായതിനാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും, അതിനാൽ എ.ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ച് കേസ് അന്വേഷിക്കണമെന്നുമാണ് അതിജീവിതയുടെ ആവശ്യം.