സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; പവർകട്ട് തുടർന്നേക്കും; ജനങ്ങൾ ദുരിതത്തിൽ; 200 മെഗാവാട്ട് അധികമായി വാങ്ങാൻ കെ.എസ്.ഇ.ബി

17 July 2026
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; പവർകട്ട് തുടർന്നേക്കും; ജനങ്ങൾ ദുരിതത്തിൽ; 200 മെഗാവാട്ട് അധികമായി വാങ്ങാൻ കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി മറികടക്കാൻ അടിയന്തര നടപടികളുമായി കെ.എസ്.ഇ.ബി. പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമെന്നോണം പുറത്തുനിന്ന് 200 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങാനാണ് ബോർഡിന്റെ നീക്കം.

റൗണ്ട് ക്ലോക്ക് അടിസ്ഥാനത്തിൽ (24 മണിക്കൂറും) യൂണിറ്റിന് 5.96 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനായി റെഗുലേറ്ററി കമ്മീഷന് മുൻപാകെ കെ.എസ്.ഇ.ബി പെറ്റീഷൻ സമർപ്പിച്ചു കഴിഞ്ഞു. കമ്മീഷന്റെ അനുമതി ലഭിച്ചാൽ രണ്ട് ദിവസത്തിനകം ഈ വൈദ്യുതി ലഭ്യമായിത്തുടങ്ങും.

ഡീപ് (DEEP) പോർട്ടൽ വഴി ഹ്രസ്വകാലത്തേക്ക് വൈദ്യുതി വാങ്ങുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ഇക്കാര്യത്തിൽ ഈ മാസം 23-ന് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.

അധിക വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടരാനാണ് സാധ്യത. നിലവിൽ മഴ ലഭിക്കാത്തതും ആഭ്യന്തര ഉൽപ്പാദനം കുറഞ്ഞതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

15 മുതൽ 30 മിനിറ്റ് വരെയാണ് ഔദ്യോഗികമായി നിയന്ത്രണം പ്രഖ്യാപിച്ചിരുന്നതെങ്കിലും പലയിടങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതായി വ്യാപക പരാതിയുണ്ട്.

കൃത്യമായ സമയക്രമം പാലിക്കാതെ ഇടവിട്ട് വൈദ്യുതി പോകുന്നത് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുന്നുണ്ട്. ലോഡ്ഷെഡിംഗ് ഏർപ്പെടുത്തുന്ന കൃത്യമായ സമയവിവരങ്ങൾ കെ.എസ്.ഇ.ബി മുൻകൂട്ടി അറിയിക്കണമെന്ന ആവശ്യവും ജനങ്ങൾക്കിടയിൽ ശക്തമാണ്.

വരും ദിവസങ്ങളിൽ കൂടുതൽ വൈദ്യുതി എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിയന്ത്രണം കൂടുതൽ കർശനമാക്കേണ്ടി വരുമെന്നാണ് സൂചന.