തിരുവനന്തപുരം: സംസ്ഥാനത്തെ കപ്പൽശാല നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി വി. ഡി. സതീശൻ.
10,000 കോടി രൂപയുടെ പദ്ധതി ടാറ്റയുടേതല്ലെന്നും, ടാറ്റയുമായി ഇത്തരമൊരു ഏക നിക്ഷേപ കരാർ സർക്കാർ അന്തിമമായി ഉറപ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിവിധ പദ്ധതികളിലൂടെയും വ്യത്യസ്ത നിക്ഷേപകരിലൂടെയും വരും വർഷങ്ങളിൽ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ സർക്കാർ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് 10,000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന പരാമർശത്തിലൂടെ സൂചിപ്പിച്ചതെന്ന് സർക്കാർ അറിയിച്ചു. അല്ലാതെ ഏതെങ്കിലും ഒരു പ്രത്യേക സ്ഥാപനവുമായി ഇത്രയും തുകയുടെ ഏക കരാർ ഉറപ്പിച്ചു എന്നല്ല ഇതിനർത്ഥം.
കൊച്ചിൻ പോർട്ടിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന കപ്പൽ നിർമ്മാണ യൂണിറ്റ് ഒരു സംയുക്ത സംരംഭമാണ്. പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സ് ലിമിറ്റഡും, ടാറ്റാ പ്രോജക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്സൺ എഞ്ചിനീയറിംഗ് ലിമിറ്റഡും ചേർന്നാണ് ഈ സംയുക്ത സംരംഭത്തിന് രൂപം നൽകുന്നത്. ഇതിനായുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും പദ്ധതിക്ക് ആവശ്യമായ പ്രധാന അനുമതികളെല്ലാം ഇതിനകം തന്നെ ലഭ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ പദ്ധതികളുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രമുഖ നിക്ഷേപകരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഈ ചര്‍ച്ചകളിലൂടെ മികച്ച നിക്ഷേപം സമീപഭാവിയില്‍ സംസ്ഥാനത്തേക്ക് എത്തുമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ട്. ഓരോ നിക്ഷേപ പദ്ധതിയും അന്തിമഘട്ടത്തിലാകുന്ന മുറയ്ക്ക് അത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഔദ്യോഗികമായി നടത്തുമെന്നും സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു.

