ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പരീക്ഷ റദ്ദാക്കി

18 July 2026
ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: ചോദ്യപ്പേപ്പർ മാറി വിതരണം ചെയ്തതിനെത്തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കേണ്ടിയിരുന്ന പിഎസ്‌സി പരീക്ഷ റദ്ദാക്കി. ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, സ്റ്റോർമാൻ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് നടത്തിയ പത്താം ക്ലാസ് തല പ്രാഥമിക പരീക്ഷയുടെ (Common Preliminary Exam) രണ്ടാം ഘട്ടമാണ് റദ്ദാക്കിയത്.

ആലപ്പുഴ ജില്ലയിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് പരീക്ഷ റദ്ദാക്കുന്നതിലേക്ക് നയിച്ചത്. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതലായതിനാൽ രണ്ട് ഘട്ടങ്ങളായാണ് (രാവിലെയും ഉച്ചയ്ക്ക് ശേഷവും) പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാൽ, ഉച്ചയ്ക്ക് ശേഷം 1:30-ന് നടക്കേണ്ടിയിരുന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ രാവിലെ നടന്ന ഒന്നാം ഘട്ട പരീക്ഷയിൽ മാറി വിതരണം ചെയ്യുകയായിരുന്നു.

സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ റദ്ദാക്കിയതെന്നാണ് പിഎസ്‌സിയുടെ ഔദ്യോഗിക വിശദീകരണം.