ഡൽഹി: നീറ്റ് (NEET-UG) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (NTA) കേന്ദ്ര സർക്കാറിന്റെ കടുത്ത നടപടി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ ഏജൻസിയിലെ 47 ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് അടിയന്തരമായി പുറത്താക്കി.
സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ക്രിമിനൽ കേസ് അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
രാജ്യവ്യാപകമായി കടുത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പരീക്ഷാ സംവിധാനം പൂർണ്ണമായി പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നിലവിലുള്ള കരാർ-ഔട്ട്സോഴ്സിംഗ് അധിഷ്ഠിത പരീക്ഷാ രീതികൾ പുനഃപരിശോധിക്കും.
എൻ.ടി.എയുടെ പ്രവർത്തനം സുതാര്യമാക്കാൻ വിദഗ്ധരുടെ മേൽനോട്ടത്തിൽ പുതിയ നിയമനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ സ്ഥാനത്തുനിന്ന് മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി.
ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമനിർമ്മാണത്തിനും അതിവേഗ കോടതികൾ (Fast Track Courts) സ്ഥാപിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.
യുവാക്കളുടെ ഭാവി വച്ചുകളിക്കുന്നവരോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കി.

