ന്യൂഡൽഹി: എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെതിരെയുള്ള അറസ്റ്റ് വാറണ്ട് ഡൽഹി പട്യാല ഹൗസ് കോടതി റദ്ദാക്കി. അഞ്ച് വർഷം പഴക്കമുള്ള കേസിൽ അയച്ച സമൻസിൽ നേരത്തെ ഹാജരാകാത്തതിന് പിഴയടക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
ഐഷി നൽകിയ ഹർജിയിൽ അറസ്റ്റ് വാറണ്ട് കോടതി മുൻപ് സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വാറണ്ട് പൂർണ്ണമായും റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.
2021-ൽ ബംഗ്ലാ ഭവനിലേക്ക് നടത്തിയ മാർച്ചിന്റെ പേരിലുള്ള കേസിലാണ് പട്യാല ഹൗസ് കോടതി ഏപ്രിൽ 15-ന് ഐഷിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വാറണ്ടുമായി ബന്ധപ്പെട്ട അറിയിപ്പുകളോ സമൻസോ നൽകിയിരുന്നില്ല.
എന്നാൽ, നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സി.ജെ.പിക്കൊപ്പം സമരം നയിച്ച ഐഷിയെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് വീണ്ടും നീക്കം തുടങ്ങി. ചൊവ്വാഴ്ച വൈകുന്നേരം സി.പി.ഐ.എം കേന്ദ്രകമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനിലെത്തി ഐഷിയെ തടങ്കലിലാക്കാൻ പൊലീസ് ശ്രമിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
യൂണിഫോമോ നെയിംപ്ലേറ്റോ ഇല്ലാതെ സ്വകാര്യ വാഹനത്തിലാണ് ഡൽഹി പൊലീസ് ഉദ്യോഗസ്ഥ എ.കെ.ജി ഭവനിലെത്തിയത്. എ.കെ.ജി ഭവനിലുണ്ടായിരുന്ന ജോൺ ബ്രിട്ടാസ് എം.പി ഇത് ചോദ്യം ചെയ്തതോടെ പൊലീസ് സംഘം പിൻവാങ്ങുകയായിരുന്നു. പൊലീസിന്റെ ഈ നടപടിക്കെതിരെ വ്യാപകമായ വിമർശനമുയർന്ന പശ്ചാത്തലത്തിലാണ് ഐഷി ഘോഷ് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

