അനുമതിയില്ലാത്ത വിദേശയാത്ര: എഡിജിപി എസ്. ശ്രീജിത്തിന് തിരിച്ചടി; ക്ലീൻചിറ്റ് റിപ്പോർട്ട് ഹൈക്കോടതി തള്ളി

30 July 2026
അനുമതിയില്ലാത്ത വിദേശയാത്ര: എഡിജിപി എസ്. ശ്രീജിത്തിന് തിരിച്ചടി;   ക്ലീൻചിറ്റ് റിപ്പോർട്ട് ഹൈക്കോടതി തള്ളി

തിരുവനന്തപുരം: അനുമതി ഇല്ലാതെ വിദേശ യാത്ര നടത്തിയ എഡിജിപി എസ് ശ്രീജിത്തിന് അനുകൂലമായി സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളി ഹൈക്കോടതി. 

റിപ്പോർട്ട് നൽകിയ അന്നത്തെ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയും നിലവിലെ ചീഫ് സെക്രട്ടറിയുമായ ബിശ്വനാഥ് സിൻഹയുടെ നടപടിക്കെതിരെ ജസ്റ്റിസ് എ. ബദറുദ്ദീൻ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.

ആരോപണവിധേയനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി ഹിയറിങ് നടത്തിയത് നീതിയുക്തമല്ല. ആരോപണവിധേയൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായതിനാൽ പരാതിക്കാരന് കാര്യങ്ങൾ സ്വതന്ത്രമായി അവതരിപ്പിക്കാൻ സാധിക്കില്ല.

പരാതിക്കാരനെ വീണ്ടും കേട്ട്, വിജിലൻസ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ട് കൂടി പരിഗണിച്ച് തീരുമാനമെടുക്കാൻ കോടതി നിർദേശം നൽകി. ഇതിനായുള്ള എല്ലാ നടപടികളും മൂന്നാഴ്ചയ്ക്കകം പൂർത്തിയാക്കണം. ഹർജി ഓഗസ്റ്റ് 18-ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.