കൊച്ചി: കേരളത്തെ നടുക്കിയ മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെട്ട കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ 35 പ്രതികളെ വെറുതെവിട്ടു.
പ്രതികൾക്കെതിരെ ചുമത്തിയ കൊലപാതക കുറ്റം തെളിയിക്കാൻ സാധിച്ചില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. വയനാട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ഇ. അയൂബ് ఖാൻ ആണ് കേസിൽ നിർണായക വിധി പ്രസ്താവിച്ചത്.
സംഭവം നടന്ന് 23 വർഷങ്ങൾക്ക് ശേഷമാണ് വിചാരണ പൂർത്തിയാക്കി കോടതി വിധി പുറപ്പെടുവിക്കുന്നത്. കേസിൽ 23 മുതൽ 57 വരെയുള്ള പ്രതികൾ നിരപരാധികളാണെന്ന് കോടതി നിരീക്ഷിച്ചു.
ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകുമെന്ന സർക്കാർ ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടർന്നാണ് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ കുടിൽകെട്ടി സമരം ആരംഭിച്ചത്. 2003 ഫെബ്രുവരി 19-ന് സമരക്കാരുടെ കുടിലുകൾ പൊളിച്ചുനീക്കാൻ പൊലീസ് സംഘം എത്തിയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. കണ്ണൂർ കൊയ്യം സ്വദേശിയായ കോൺസ്റ്റബിൾ വിനോദ് ഉൾപ്പെടെയുള്ള പൊലീസ് സംഘത്തിന് നേരെ പ്രതിഷേധമുണ്ടായി.
രാവിലെ 8 മണിയോടെ ആരംഭിച്ച പൊലീസ് നടപടി വലിയ ഏറ്റുമുട്ടലിലും തുടർന്ന് വെടിവെപ്പിലും കലാശിച്ചു. ഗൗണ്ടൻവയലിലെ തകരപ്പാടിയിൽ നടന്ന സംഘർഷത്തിനിടെ വിനോദിനെയും മറ്റൊരു പൊലീസുകാരനെയും സമരക്കാർ തടഞ്ഞുവെക്കുകയും തുടർന്ന് വിനോദ് കൊല്ലപ്പെടുകയുമായിരുന്നു.
തുടർന്ന് ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും അന്വേഷിച്ച കേസ് ഒടുവിൽ തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെവിട്ടുകൊണ്ട് അവസാനിക്കുകയാണ്.

