റെഡ് അലേര്‍ട്ട്; കണ്ണൂർ ജില്ലാ കലക്ടര്‍ ഡിഡിഎംഎ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി

1 August 2026
റെഡ് അലേര്‍ട്ട്; കണ്ണൂർ ജില്ലാ കലക്ടര്‍ ഡിഡിഎംഎ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി

കണ്ണൂർ: ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജിന്റെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

ഏതാനും ദിവസങ്ങളായി ശക്തമായ പഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ നടപടികള്‍ ഡിഡിഎംഎ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അവലോകനം ചെയ്തു.


മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, വെള്ളക്കെട്ട്, ഗതാഗത തടസ്സം തുടങ്ങിയവ ഉണ്ടാവാനിടയുള്ള പ്രദേശങ്ങളില്‍ അവ നേരിടാനുള്ള അടിയന്തര സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അടിയന്തര ഘട്ടങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള താല്‍ക്കാലിക ക്യാംപുകള്‍ ഒരുക്കണം.

പഴശ്ശി ഡാം പ്രദേശങ്ങളിലെ തീരനിവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കാനും നിര്‍ദ്ദേശം നല്‍കി. കടല്‍ത്തീരങ്ങളിലും പുഴയോരങ്ങളിലും താമസിക്കുന്നവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ശക്തമായ കാറ്റ് ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അപകടസാധ്യതയുള്ള മരങ്ങള്‍ ഉടന്‍ മുറിച്ചുനീക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.


ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ എഡിഎം പി എന്‍ പുരുഷോത്തമന്‍, ഡിഎം ഡെപ്യൂട്ടി കലക്ടര്‍ കെ കെ സുബൈര്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.