സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: രണ്ടു ദിവസത്തിനിടെ 12 മരണം, 6 പേരെ കാണാനില്ല

2 August 2026
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: രണ്ടു ദിവസത്തിനിടെ 12 മരണം, 6 പേരെ കാണാനില്ല

തിരുവനന്തപുരം: ഇന്ന് നാല് പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് രണ്ടു ദിവസത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു.

കണ്ണൂർ കൂത്തുപറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൈതേരി ഇടത്തിൽ രാരിഷ്, കാപ്പാട് വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മാസിൻ, തിരുവനന്തപുരത്തു നിന്നും കാണാതായി മൃതദേഹം കണ്ടെത്തിയ മത്സ്യത്തൊഴിലാളികളായ ഫ്രീമോൻ, ആന്റണി എന്നിവരാണ് ഇന്ന് മരണപ്പെട്ടത്.

കൂടാതെ കൊല്ലം, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ കടലിൽ കാണാതായ ആറു പേർക്കായി രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്. പത്തനംതിട്ട റാന്നിയിൽ പ്രളയജലം ഇറങ്ങിയെങ്കിലും ആറന്മുളയും അപ്പർ കുട്ടനാടും ഇപ്പോഴും പൂർണ്ണമായും വെള്ളക്കെട്ടിൽ തന്നെയാണുള്ളത്. വിവിധ അപകടങ്ങളിൽ പരിക്കേറ്റ 13 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.