തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ കൂടുതൽ കനക്കുന്നു. മുൻകാലങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗത്തെ ശക്തമായി വിമർശിച്ച വി.ഡി. സതീശൻ, മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു.
മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പോയത് നിക്ഷേപകരെ കാണാനല്ലെന്നും പകരം ഭാര്യാപിതാവിനെ കാണാനാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഭാര്യാപിതാവിനെ സന്ദർശിച്ചത് വിവാദമായതോടെയാണ് നിക്ഷേപകരെ കാണാനെന്ന പേരിൽ മുഖ്യമന്ത്രി കഥയുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞ ആ നിക്ഷേപകൻ ആരാണെന്ന് ബിനോയ് വിശ്വം ചോദിച്ചു. മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണമെന്ന് ആവശ്യപ്പെട്ട ബിനോയ് വിശ്വം, മുൻകാലങ്ങളിൽ ഇത്തരം പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഉണർന്നു പ്രവർത്തിക്കാൻ ഇവിടെ ഒരു ഗവൺമെന്റ് ഉണ്ടായിരുന്നുവെന്നും ഓർമ്മിപ്പിച്ചു. എന്നാൽ ഇപ്പോഴത്തെ സർക്കാർ ഒന്നും ചെയ്യാതെ ഉറങ്ങുകയാണെന്നും പിറ്റേന്ന് എഴുന്നേറ്റു വന്ന് എന്തൊക്കെയോ പറയുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

