മഴക്കെടുതി: സംസ്ഥാനത്ത് 25 മരണം, 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

4 August 2026
മഴക്കെടുതി: സംസ്ഥാനത്ത് 25 മരണം, 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടവും ആളപായവും. ഇതുവരെയുള്ള കണക്കുകൾ പ്രകാരം മഴക്കെടുതിയിൽ സംസ്ഥാനത്ത് 25 പേർ മരണപ്പെട്ടു. അപകടങ്ങളിൽപെട്ട് നാലു പേരെ കാണാതാവുകയും പത്തു പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് കോട്ടയം ജില്ലയിലാണ്. കോട്ടയത്ത് 5 പേർ മഴക്കെടുതിയിൽ മരണമടഞ്ഞു. കാലവർഷം കനത്തതോടെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാവുകയും വ്യാപകമായ മണ്ണടിച്ചിലും ഉരുൾപൊട്ടലും ഭീഷണി ഉയർത്തുകയും ചെയ്യുന്നുണ്ട്.

സംസ്ഥാനത്തൊട്ടാകെ 418 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.ക്യാമ്പുകളിലായി നിലവിൽ 18,434 ആളുകൾ കഴിയുന്നുണ്ട്.52 വീടുകൾ പൂർണമായും 555 വീടുകൾ ഭാഗികമായും തകർന്നു.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട് എന്നീ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.