ആഭ്യന്തരമന്ത്രിക്കും പോലീസിനും പരസ്യ വെല്ലുവിളി; ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കായി 10 അംഗ സ്പെഷ്യൽ സ്ക്വാഡ്

7 August 2026
ആഭ്യന്തരമന്ത്രിക്കും പോലീസിനും പരസ്യ വെല്ലുവിളി; ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കായി 10 അംഗ സ്പെഷ്യൽ സ്ക്വാഡ്

കൊച്ചി: പോലീസിനെയും സംസ്ഥാന ആഭ്യന്തര വകുപ്പിനെയും ഒന്നടങ്കം വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ്. ആലുവ റൂറൽ എസ്.പി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ 10 അംഗ സ്പെഷ്യൽ സ്ക്വാഡിന് രൂപം നൽകി.

മൂവാറ്റുപുഴ ഡിവൈ.എസ്.പിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല. ഊന്നുകൽ ഇൻസ്പെക്ടർ, രണ്ട് എസ്.ഐമാർ എന്നിവരടങ്ങുന്ന സംഘം എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ആയങ്കിയുടെ അവസാനത്തെ ടവർ ലൊക്കേഷൻ എറണാകുളത്താണ് കാണിച്ചതെങ്കിലും ഇയാൾ നിലവിൽ സ്ഥലം മാറിയിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം.

ഒളിവിലും സാമൂഹിക മാധ്യമങ്ങളിൽ സജീവം

കേസിൽ കീഴടങ്ങാൻ തയാറാണെന്ന് അറിയിച്ചിട്ടും തന്റെ സുഹൃത്തുക്കളെ പോലീസ് വേട്ടയാടുകയാണെന്ന് ആരോപിച്ച് ആയങ്കി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

‘കഴിയുമെങ്കിൽ എന്നെ പിടികൂടൂ’ എന്ന് പോലീസിനെ പരസ്യമായി വെല്ലുവിളിച്ച ആയങ്കി, അന്വേഷണ ഉദ്യോഗസ്ഥനായ ഊന്നുകൽ ഇൻസ്പെക്ടർ ബി.എസ്. ആദർശിന് അസഭ്യവർഷവും ഭീഷണിയും അടങ്ങിയ വോയ്സ് ക്ലിപ്പ് അയച്ചു നൽകുകയും ഇത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഇതിനെ തുടർന്നാണ് ഊന്നുകൽ പോലീസ് ഇയാൾക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത്. മുൻപ് കോതമംഗലം ഇൻസ്പെക്ടർക്കെതിരെ ഭീഷണി മുഴക്കിയ കേസിലും ഊന്നുകൽ പോലീസാണ് അന്വേഷണം നടത്തുന്നത്.

ഈ കേസിൽ ആയങ്കി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനെതിരെ വീണ്ടും ഭീഷണിയുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്.