വിദ്യാർത്ഥികൾക്കെതിരായ അധിക്ഷേപ പരാമർശം; ടി. ജി. മോഹൻദാസിന് ജാമ്യം

10 August 2026
വിദ്യാർത്ഥികൾക്കെതിരായ അധിക്ഷേപ പരാമർശം; ടി. ജി. മോഹൻദാസിന് ജാമ്യം

തിരുവനന്തപുരം: ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ കേസിൽ അറസ്റ്റിലായ ടി. ജി. മോഹൻദാസിന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ACJM) കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ്റെ ശക്തമായ വാദം തള്ളിയാണ് കോടതി നടപടി.

തെളിവ് ശേഖരണത്തിന് കസ്റ്റഡി അനിവാര്യമാണെന്നും, ടി. ജി. മോഹൻദാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. എന്നാൽ പ്രോസിക്യൂഷന്റെ ഈ വാദങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു.

പോലീസ് എറണാകുളത്തെ വീട്ടിലെത്തി ഫോൺ ഉൾപ്പെടെയുള്ളവ നേരത്തെ തന്നെ പിടിച്ചെടുത്തിട്ടുണ്ടെന്ന് പ്രതിഭാഗം കോടതിയെ ബോധ്യപ്പെടുത്തി. കൃത്യമായ കസ്റ്റഡി അപേക്ഷ നൽകാതെ പ്രതിയെ എങ്ങനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടുമെന്നും പ്രതിഭാഗം കോടതിയിൽ ചോദ്യമുയർത്തി. തുടർന്ന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.