കണ്ണൂർ: കുഞ്ഞിനെ വിൽപ്പന നടത്തിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് കണ്ണൂർ ചക്കരക്കൽ പൊലീസും രേഖപ്പെടുത്തി. തമിഴ്‌നാട് സ്വദേശി മുപ്പിലി രാജ, വാഗമൺ സ്വദേശി അപർണ, കൊല്ലം പരവൂർ സ്വദേശി അനീന തസ്നി എന്നിവരുടെ അറസ്റ്റാണ് പാലാ, കോട്ടയം ജയിലുകളിലെത്തി ചക്കരക്കൽ പൊലീസ് രേഖപ്പെടുത്തിയത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകും.
കോട്ടയം തീക്കോയിയിൽ അസം സ്വദേശിയായ ഗർഭിണിയെ തടവിലാക്കി നവജാതശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ചതോടെയാണ് ഈ മാഫിയ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ഗർഭഛിദ്രത്തിന് വീട്ടുകാർ നിർബന്ധിച്ചതോടെയാണ് അസം സ്വദേശിയായ യുവതി സോഷ്യൽ മീഡിയ വഴി പ്രതികളുടെ തീക്കോയിയിലുള്ള കേന്ദ്രത്തെക്കുറിച്ച് അറിയുന്നത്.
പ്രസവിക്കാനുള്ള സൗകര്യവും കുഞ്ഞിനെ വളർത്താൻ സഹായവും വാഗ്ദാനം ചെയ്ത് ട്രെയിൻ ടിക്കറ്റും പണവും അയച്ചു നൽകിയാണ് യുവതിയെ ഇവർ തീക്കോയിയിൽ എത്തിച്ചത്. തീക്കോയിയിൽ എത്തിയ യുവതിയെ പ്രതികൾ തടവിലാക്കുകയും കുഞ്ഞിനെ നൽകിയാൽ മൂന്നു ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. തുടർന്ന് ഇവിടെനിന്ന് രക്ഷപ്പെട്ട യുവതി പൊലീസിൽ വിവരമറിയിച്ചതോടെയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.
പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇവർ കുഞ്ഞുങ്ങളെ വിൽപ്പന നടത്തുന്ന വൻ മാഫിയ സംഘമാണെന്ന് വ്യക്തമായത്. ഇതിനുമുമ്പ് ഇവർ തൊടുപുഴയിലും കണ്ണൂരിലെ ചക്കരക്കല്ലിലും ഓരോ കുഞ്ഞുങ്ങളെ വീതം വിറ്റതായി കണ്ടെത്തി.
കണ്ണൂർ വാരം സ്വദേശികൾക്കാണ് ഇവർ കുഞ്ഞിനെ വിൽപ്പന നടത്തിയത്. ഈ സംഭവങ്ങളിലാണ് തൊടുപുഴ പൊലീസും ചക്കരക്കൽ പൊലീസും നിലവിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.

