‘കാശിക്കു പോകുന്നു, ദൈവത്തിൽ അലിയും’; പ്ലസ് ടു വിദ്യാർത്ഥി കത്തെഴുതിവച്ച് നാടുവിട്ടു

11 August 2026
‘കാശിക്കു പോകുന്നു, ദൈവത്തിൽ അലിയും’; പ്ലസ് ടു വിദ്യാർത്ഥി കത്തെഴുതിവച്ച് നാടുവിട്ടു

കണ്ണൂർ: മൊബൈൽ ഫോൺ അച്ഛൻ വാങ്ങി വെച്ചതിൽ മനംനൊന്ത് ‘കാശിക്കു പോകുന്നു’ എന്ന് കത്തെഴുതിവച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ ശിവസൂര്യ (17) യെയാണ് മൂന്ന് ദിവസമായി കാണാതായത്.

കഴിഞ്ഞദിവസം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് വിദ്യാർത്ഥി ഇറങ്ങിപ്പോയത്.

“ഞാൻ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോട് അലിയും…”

മൊബൈൽ ഗെയിമുകൾ അമിതമായി കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അച്ഛൻ ശിവസൂര്യയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി വെച്ചത്. ഇതിലുള്ള വിഷമത്തിലാണ് മകൻ വീടുവിട്ടതെന്ന് കുടുംബം പറഞ്ഞു.

മൂന്ന് ദിവസമായി ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് പെരിങ്ങത്തൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാശിയിലേക്ക് പോകുന്നതായി കത്തിൽ സൂചിപ്പിച്ചിട്ടുള്ളതിനാൽ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.