കണ്ണൂർ: ചെറുപുഴ പഞ്ചായത്തിലെ രാജഗിരി, ജോസ്ഗിരി മേഖലകളിൽ സംഭവിച്ച കനത്ത ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലും ഉണ്ടായ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പ് (PWD) ഡ്രോൺ സർവേ നടത്തി. പ്രദേശത്തെ ദുരന്തവ്യാപ്തി പൂർണ്ണമായി മനസ്സിലാക്കുന്നതിനും റോഡുകളുടെ അവസ്ഥ വിലയിരുത്തുന്നതിനുമാണ് ആകാശദൃശ്യങ്ങൾ പകർത്തി പരിശോധന നടത്തിയത്.
പ്രകൃതിദുരന്തം രൂക്ഷമായി ബാധിച്ച രാജഗിരി, ജോസ്ഗിരി ഭാഗങ്ങളിൽ മാത്രം പതിനഞ്ചിലധികം ഇടങ്ങളിലാണ് ഉരുൾപൊട്ടിയത്. കനത്ത മണ്ണൊലിപ്പിലും മലവെള്ളപ്പാച്ചിലിലും മേഖലയിലെ പ്രധാന റോഡുകൾ പൂർണ്ണമായി കുത്തിയൊലിച്ചുപോയി. പുളിങ്ങോം, വയക്കര, തിരുമേനി എന്നീ വില്ലേജുകളിലെ റോഡ് ശൃംഖല തകർന്നതിലൂടെ കോടികളുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പിന് കണക്കാക്കുന്നത്.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ നിർണ്ണായക റോഡുകളുടെ വിവര ശേഖരണമാണ് ഡ്രോൺ സർവേ വഴി പൂർത്തിയാക്കിയത്. സണ്ണി പതിയിലാണ് ഡ്രോൺ ദൃശ്യങ്ങൾ പകർത്തിയത്.
തളിപ്പറമ്പ് റോഡ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ. പ്രവീൺ, പയ്യന്നൂർ റോഡ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ കെ. രഞ്ജിത്ത്, ആർ. റിനീഷ് എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.

