തലശേരി: ദേശീയപാതയിൽ പുന്നോൽ പെട്ടിപ്പാലത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ കൂട്ടിയിടിച്ച് 70 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. ബുധനാഴ്ച പകൽ ഒരോടെയായിരുന്നു അപകടം. സാരമായി പരിക്കേറ്റ ആറുപേരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും വിവിധ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.
തലശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ‘ജാക് ലയൺ’ ബസ് നിയന്ത്രണം വിട്ട്, എതിരെ വന്ന ‘ഗംഗോത്രി’ ബസിലിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുബസുകളുടെയും ഡ്രൈവർമാർ കാബിനിൽ കുടുങ്ങി. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് ഏറെ പരിശ്രമിച്ച് ഇവരെ പുറത്തെടുത്തത്. ഗംഗോത്രി ബസ് ഡ്രൈവർ മുജിതബയുടെ കാലിന് ഒടിവുണ്ട്. ജാക് ലയൺ ബസ് ഡ്രൈവർ അഹമ്മദിനും പരിക്കേറ്റിട്ടുണ്ട്.
അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. തുടർന്ന്, ഗുരുതര പരിക്കുള്ളവരെ തലശേരിയിലെ വിവിധ സ്വകാര്യ-സഹകരണ ആശുപത്രികളിലേക്കും കണ്ണൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. തലശേരി നഗരസഭാ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.

