തിരുവനന്തപുരം: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ മെറ്റ (Meta) വാർത്താ കാർഡുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി വി. ഡി. സതീശൻ. തനിക്കെതിരായ വിമർശനങ്ങൾ അടങ്ങിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നത് തന്റെ നിർദേശപ്രകാരമല്ലെന്നും മെറ്റയിൽ അത്തരമൊരു സ്വാധീനം തനിക്കുമുണ്ടെന്ന് കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
കെ.സി.ബി.സി. നൽകിയ പിന്തുണ, തിരുവനന്തപുരം ആർച്ച് ബിഷപ്പിന്റെ പ്രസംഗം, ഗൗതം കൃഷ്ണന്റെ വീട് സന്ദർശിച്ച വാർത്ത തുടങ്ങിയ തനിക്ക് അനുകൂലമായ വാർത്താ കാർഡുകളും മെറ്റ നീക്കം ചെയ്തിട്ടുണ്ടെന്ന് വി. ഡി. സതീശൻ ചൂണ്ടിക്കാട്ടി.
ഈ പ്രതിഭാസം കേരളത്തിൽ മാത്രം നടക്കുന്ന ഒന്നല്ലെന്നും തെലങ്കാന, അസം, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പോസ്റ്റുകളും സമാനമായി നീക്കം ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മെറ്റയുടെ പോളിസിയിലെ മാറ്റമാണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ല. ബാധിതരായ മാധ്യമസ്ഥാപനങ്ങൾ പരാതി നൽകിയാൽ സർക്കാർ അവർക്കൊപ്പം നിൽക്കുമെന്നും, തനിക്കെതിരെയുള്ള വാർത്താ കാർഡുകൾ പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

