സ്വാതന്ത്ര്യദിനാഘോഷത്തിൽ ‘വന്ദേമാതരം’ വിവാദം: ഔദ്യോഗിക ചടങ്ങിൽ വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സർക്കാർ; തിരുവനന്തപുരത്ത് വന്ദേമാതരം മുഴങ്ങി, കോഴിക്കോട്ട് കൗൺസിലർമാർ ചേരിതിരിഞ്ഞു

15 August 2026
സ്വാതന്ത്ര്യദിനാഘോഷത്തിൽ ‘വന്ദേമാതരം’ വിവാദം: ഔദ്യോഗിക ചടങ്ങിൽ വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സർക്കാർ; തിരുവനന്തപുരത്ത് വന്ദേമാതരം മുഴങ്ങി, കോഴിക്കോട്ട് കൗൺസിലർമാർ ചേരിതിരിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ ‘വന്ദേമാതരം’ ആലപിക്കുന്നത് ഒഴിവാക്കിയ സർക്കാർ നടപടിയെച്ചൊല്ലി വിവാദം ശക്തമാകുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല ചടങ്ങിലോ ജില്ലകളിൽ മന്ത്രിമാർ പങ്കെടുത്ത പരിപാടികളിലോ വന്ദേമാതരം ആലപിച്ചില്ല. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തിന്റെ സർക്കുലർ അനുസരിച്ച് ദേശീയഗാനം മാത്രമാണ് സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിലും സ്കൂളുകളിലും ഉൾപ്പെടുത്തിയത്.

സംസ്ഥാന സർക്കാർ വന്ദേമാതരം ഒഴിവാക്കിയപ്പോൾ, തിരുവനന്തപുരം കോർപ്പറേഷനിൽ നടന്ന ചടങ്ങിൽ മേയർ വി.വി. രാജേഷ് പതാക ഉയർത്തിയതിനൊപ്പം വന്ദേമാതരം പൂർണ്ണമായി ആലപിച്ചു. രാജ്യത്തെ ജനങ്ങൾ പുതിയൊരു മുന്നേറ്റത്തിലാണ് പങ്കാളികളാകുന്നതെന്നും ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകിയാണ് നഗരസഭ മുന്നോട്ട് പോകുന്നതെന്നും മേയർ പറഞ്ഞു. ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവനിൽ നടന്ന ആഘോഷങ്ങളിലും വന്ദേമാതരം പൂർണ്ണമായി പാടി.

അതിനിടെ, കോഴിക്കോട് കോർപ്പറേഷനിലെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം ചൊല്ലുന്നതിനെച്ചൊല്ലി കൗൺസിലർമാർ തമ്മിൽ ചേരിതിരിവുണ്ടായി. മേയറുടെ നേതൃത്വത്തിൽ എൽഡിഎഫ് കൗൺസിലർമാർ ദേശീയഗാനം ആലപിച്ച അതേസമയത്ത് തന്നെ മറുവശത്ത് ബിജെപി കൗൺസിലർമാർ വന്ദേമാതരം ചൊല്ലി പ്രതിഷേധ മുദ്രയോടെ ചടങ്ങിന്റെ ഭാഗമായി.