പായം: ഓണക്കാലത്തോടനുബന്ധിച്ച് പായം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. ‘ഹെൽത്തി കേരള’ ഒരാഴ്ച നീളുന്ന സ്പെഷ്യൽ ഓണം ഡ്രൈവിന്റെ ഭാഗമായായിരുന്നു പരിശോധന.
പരിശോധനയിൽ ലൈസൻസില്ലാതെയും, ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ലാതെയും, കുടിവെള്ള പരിശോധന നടത്താതെയും പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. വീഴ്ച വരുത്തിയ രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു.
എല്ലാ ഭക്ഷണ വിതരണ സ്ഥാപനങ്ങളും നിർബന്ധമായും നിയമാനുസൃത ലൈസൻസ് നേടിയിരിക്കണമെന്നും, ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കണമെന്നും അധികൃതർ അറിയിച്ചു. കൂടാതെ, സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന കുടിവെള്ളം ആറുമാസത്തിലൊരിക്കൽ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
ഓണം സീസണിൽ പൊതുജനങ്ങൾ ശുചിത്വമുള്ള സാഹചര്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണപാനീയങ്ങൾ മാത്രം ഉപയോഗിക്കാൻ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് സി. കുറ്റിയാനി, സിജു കെ., ജിതിൻ ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.

