കണ്ണൂർ: കണ്ണൂർ പയ്യാവൂർ പഞ്ചായത്തിലെ വണ്ണായിക്കടവിൽ ആഫ്രിക്കൻ പന്നിപ്പനി (African Swine Fever) സ്ഥിരീകരിച്ചു. പ്രദേശത്തെ തോമസ് മതിലകം എന്നയാളുടെ ഫാമിലാണ് രോഗബാധ കണ്ടെത്തിയത്. രോഗം ബാധിച്ച് ഫാമിലുണ്ടായിരുന്ന 35 പന്നികൾ ഇതിനോടകം ചത്തു.
പന്നിപ്പനി വ്യാപിക്കുന്നത് തടയാൻ ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും അടിയന്തര നടപടികൾ ആരംഭിച്ചിട്ടുണ്ട്. രോഗപ്രഭവ കേന്ദ്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ അടുത്ത മൂന്ന് മാസത്തേക്ക് പന്നിയിറച്ചി വിൽപന, പന്നികളുടെ കടത്ത്, കശാപ്പ് എന്നിവയ്ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി കർശന നിരോധനം ഏർപ്പെടുത്തി.
നിരോധന മേഖലയുടെ (Surveillance Zone) 10 കിലോമീറ്റർ പരിധിയിൽ വരുന്ന ഏരുവേശ്ശി, പടിയൂർ-കല്യാട്, ഇരിക്കൂർ, നടുവിൽ, ഉളിക്കൽ എന്നീ പഞ്ചായത്തുകളിലും ശ്രീകണ്ഠപുരം നഗരസഭ പ്രദേശങ്ങളിലും കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
പന്നി ഫാമുകൾ നടത്തുന്നവർ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ മൃഗാശുപത്രിയിൽ വിവരമറിയിക്കണമെന്നും അധികൃതർ അറിയിച്ചു.

