കോഴിക്കോട്: വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12 വയസ്സുകാരനായ വിദ്യാർഥിക്കുനേരേ ബന്ധുക്കളുടെ അങ്ങേയറ്റം ക്രൂരമായ പീഡനം. കൊടുവള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ കിഴക്കോത്താണ് സംഭവം. കുട്ടിയുടെ കൈകാലുകൾ കൂട്ടിക്കെട്ടി മർദിച്ച ശേഷം മുറിവുകളിലും സ്വകാര്യഭാഗങ്ങളിലും മുളക് പുരട്ടുകയും കണ്ണിൽ മുളകുവെള്ളമൊഴിക്കുകയും ചെയ്തു. കൂടാതെ കാൽനഖത്തിൽ ഈർക്കിലും കൈനഖത്തിൽ ടൂത്ത് പിക്കും കുത്തിക്കയറ്റിയതായും വ്യക്തമായിട്ടുണ്ട്.
ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. ബന്ധുവിന്റെ വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയി അടച്ചിട്ട മുറിയിൽ ക്രൂരമായി മർദിക്കുകയായിരുന്നു. രാത്രി പതിനൊന്ന് മണിയോടെ കൈകാലുകളിലെ കെട്ടിന്റെ മുറുക്കം കുറഞ്ഞ സമയം നോക്കി, കുട്ടി കെട്ടഴിച്ച് ടെറസിനോട് ചേർന്ന കവുങ്ങിലൂടെ ഊർന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു.
റോഡിലെത്തിയ കുട്ടിയെ വഴിയാത്രക്കാരനാണ് കൊടുവള്ളി പോലീസ് സ്റ്റേഷനിലെത്തിച്ചത്. പീഡനത്തിന് കാരണമായി പറഞ്ഞ വാച്ച് പിന്നീട് കണ്ടെത്തുകയും ചെയ്തു.
കോഴിക്കോട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി.) അന്വേഷണം നടത്തി നടപടിയെടുക്കാൻ റൂറൽ എസ്.പി.ക്ക് നിർദേശം നൽകുകയായിരുന്നു. തുടർന്ന് കുട്ടിയുടെ പിതൃസഹോദരൻ, ഇയാളുടെ ഭാര്യ, മകൻ എന്നിവർക്കെതിരേ കൊടുവള്ളി പോലീസ് കേസെടുത്തു.
മർദനം, ആയുധങ്ങൾ ഉപയോഗിച്ച് ഗുരുതര പരിക്കേൽപ്പിക്കൽ, അന്യായമായി തടങ്കലിൽ വെക്കൽ എന്നിവയ്ക്കൊപ്പം ബാലനീതി നിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

